മധുരക്കിഴങ്ങിൽനിന്ന് സൂപ്പ് മുതൽ ഗമ്മീസ് വരെ; ഗോത്രമേഖലയിലെ വനിതകളുടെ ഉത്പന്നങ്ങൾ വിപണിയിൽ

#Lifestyle Desk
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: മധുരക്കിഴങ്ങിൽനിന്നു സൂപ്പ് മുതൽ ഗമ്മീസ് വരെ നിർമിച്ച് കുടുംബശ്രീ. അട്ടപ്പാടി ഗോത്രമേഖലയിലെ കുടുംബശ്രീ വനിതകൾ കൃഷി ചെയ്ത മധുരക്കിഴങ്ങുകളിൽനിന്ന് ആറ് മൂല്യവർധിത ഉത്പന്നങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. സൂപ്പിനും ഗമ്മീസിനും ഒപ്പം ഹെൽത്ത് മിക്‌സ്, സ്വാദിഷ്ഠമായ പൊടി, ചിപ്‌സ്, കുൽഫി എന്നിവയാണ് കുടുംബശ്രീ വിപണിയിലേക്കെത്തിക്കുന്നത്.

കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാൻഡ് ’കെ-ഇനം’ വഴി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ചാണ് കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണവും. അട്ടപ്പാടിയിലെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹാരിക്കുന്നതിനും വരുമാനം ഉറപ്പാക്കുന്നതിനായുമാണ് പുനർജീവനമധുരം പദ്ധതി നടപ്പാക്കുന്നത്. അമ്പത് ഏക്കറിലായാണ് വിവിധയിനം മധുരക്കഴിങ്ങുകളുടെ കൃഷി. കുടുംബശ്രീയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ-കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും സംയുക്തമായാണ് പുനർജീവനം പദ്ധതി നടപ്പാക്കുന്നത്.

മന്ത്രി കെ.എം. ഷാജി ഉത്പന്നങ്ങൾ പുറത്തിറക്കി. ചടങ്ങിൽ സി.ടി.സി.ആർ.ഐ. വികസിപ്പിച്ച മൂന്ന് പുതിയ ഇനം മധുരക്കിഴങ്ങുകളും പുറത്തിറക്കി.

കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ഡയറക്ടർ ജി. ബൈജു അധ്യക്ഷനായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്‌സി. ഡയറക്ടർ വി. വിഘ്‌നേശ്വരി, സി.ടി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ് എം.എസ്. സജീവ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജി. രമേഷ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Kudumbashree women from the Attappady tribal region have launched six value-added products from sweet potatoes, including soups, gummies, chips, and kulfi. Developed with CTCRI under the Punarjeevanam scheme, the products will be sold via the 'K-Inam' brand.