പോത്തിന്‍നെയ്യിന്റെ കല്‍ക്കന്‍, പൊന്നാനിക്കാരുടെ 'കൊറ്റന്‍'; രുചി തിന്നുതന്നെ അറിയണം

#വിമല്‍ കോട്ടയ്ക്കല്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊറ്റനെന്നു കേട്ടാല്‍ കൊറ്റനാടിനെപ്പോലെ ഏതെങ്കിലും ജീവിയാണെന്ന് കരുതരുത്. പണ്ടുകാലം മുതല്‍ പൊന്നാനിയില്‍ മാത്രം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഭക്ഷണപദാര്‍ഥമാണ് കൊറ്റന്‍. ഇന്നും എല്ലാ വെള്ളിയാഴ്ചകളിലും പൊന്നാനിയില്‍ ഈ പലഹാരം ലഭിക്കും. 

പോത്തിന്‍നെയ്യിന്റെ കല്‍ക്കന്‍ ആണ് കൊറ്റന്‍. കല്‍ക്കന്‍ എന്നുപറഞ്ഞാല്‍ ഉരുക്കി എണ്ണയെടുത്തതിന് ശേഷമുള്ള അവശിഷ്ടം. മിക്ക ഇറച്ചിവെട്ടുകാരും പോത്തിന്റെ നെയ്യ് ഉരുക്കി വില്‍ക്കാറുണ്ട്. പലപ്പോഴും കൂടുതല്‍ ദിവസം സൂക്ഷിച്ചതിനുശേഷമായിരിക്കും ഉരുക്കുക. അത് കടുത്ത ദുര്‍ഗന്ധമുണ്ടാക്കും. എന്നാല്‍ പൊന്നാനിയില്‍ എല്ലാ വെള്ളിയാഴ്ചയും നെയ്യ് ഉരുക്കും. കനമുള്ള പുളിമുട്ടി കത്തിച്ച് മൂന്നര-നാലുമണിക്കൂര്‍ ഉരുക്കണം. 

നെയ്യെല്ലാം ഉരുകിപ്പോയാല്‍ ബാക്കി അവശേഷിക്കുന്ന ഈ കൊറ്റന്‍ ഇപ്പോഴും അറിയുന്നവരൊക്കെ വാങ്ങുന്നുണ്ടെന്ന് ഇന്ന് ഇതുണ്ടാക്കുന്ന ഒരേയൊരു കുടുംബമായ വെള്ളയിലെ ബാവ പറയുന്നു. 

ബാവ 42 കൊല്ലമായി കൊറ്റന്‍ ഉണ്ടാക്കുന്നു. ഇതിന്റെ രുചി തിന്നുതന്നെ അറിയണമെന്ന് ബാവ പറയും. വെറുതേ തിന്നാം, ചിലര്‍ ഉപ്പും മുളകും ചേര്‍ത്ത് കഴിക്കും.

വൈകുന്നേരത്തെ കട്ടന്‍ചായക്കൊപ്പം കൊറ്റനും കൂടി കൂടിയാല്‍ അതൊരു ഒന്നൊന്നര വൈബാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, കൊളസ്‌ട്രോളുകാര്‍ ജാഗ്രതൈ!

Content Highlights: Discover Kottan, a traditional Ponnani delicacy made from buffalo ghee.