'സുഭിക്ഷ' ഹോട്ടല്‍ ഊണ്‍നിരക്ക് 30 രൂപയാക്കി; ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക കുറച്ചു

കാസര്‍കോട്: ഭക്ഷ്യപൊതുവിതരണവകുപ്പ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകളില്‍ ഉച്ചയൂണ്‍ നിരക്ക് 20 രൂപയില്‍നിന്ന് 30 രൂപയാക്കി. കുടുംബശ്രീ 'ജനകീയ' ഹോട്ടലുകളിലേതുപോലെ 'സുഭിക്ഷ' ഹോട്ടലുകളിലും ഊണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം, പ്രാരംഭ ചെലവുകള്‍ക്കായി ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക കുറയ്ക്കുകയും ചെയ്തു. ഒരു ഹോട്ടലിന് 10 ലക്ഷം രൂപവരെ നല്‍കിയിരുന്നത് ഏഴുലക്ഷമായാണ് കുറച്ചത്. ഓരോ ജില്ലയിലും ഒന്നിലധികം ഹോട്ടലുകള്‍ തുടങ്ങാന്‍ ശുപാര്‍ശ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഹോട്ടലുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന് ആവര്‍ത്തനച്ചെലവിനത്തില്‍ ദ്വൈമാസാടിസ്ഥാനത്തില്‍ അനുവദിക്കുന്ന വൈദ്യുതിനിരക്ക് 2000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു. സബ്‌സിഡി നിരക്കിലുള്ള അരി യഥാസമയം ലഭിക്കാത്തതും മറ്റുകാരണംകൊണ്ടും 'സുഭിക്ഷ' ഹോട്ടലുകള്‍ പലതും പ്രതിസന്ധിയിലായിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ജനകീയ' ഹോട്ടലുകളുടെ മറ്റൊരു പതിപ്പാണ് 'സുഭിക്ഷ'
Content Highlights: Kerala's "Subhiksha" Subsidized Meals Rise to ₹30