ഭക്ഷ്യസുരക്ഷാസൂചികയില്‍ വീണ്ടും കേരളത്തിന് നേട്ടം

കൊല്ലം: ഭക്ഷ്യസുരക്ഷാസൂചികയിൽ തുടർച്ചയായ രണ്ടാംതവണയും ദേശീയതലത്തിൽ ഒന്നാമതെത്തിയ കേരളം നടത്തിയത് മികവാർന്ന പ്രവർത്തനങ്ങൾ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർഷിച്ചിട്ടുള്ള നാല്പതോളം മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സംസ്ഥാനം മുന്നിലെത്തിയത്.
ഓപ്പറേഷൻ ലൈഫ് പദ്ധതിക്കു കീഴിൽ ഷവർമ, മീൻ, ശർക്കര തുടങ്ങിയവയിൽ മായംചേർക്കുന്നത് ഒഴിവാക്കാൻ വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. സ്കൂൾവിദ്യാർഥികൾക്ക് സുരക്ഷിതമായ പോഷകാഹാരം ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.
ഭക്ഷ്യസുരക്ഷാവകുപ്പിൽ പരിശോധനകൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, അവർ നടത്തുന്ന പരിശോധനകൾ, വകുപ്പു നൽകിയ ഭക്ഷ്യസുരക്ഷാ ലൈസൻസുകൾ, രജിസ്‌ട്രേഷനുകൾ, ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്കുള്ള ലബോറട്ടറികൾ എന്നിവയുടെ എണ്ണം കണക്കാക്കി അതോറിറ്റി നിശ്ചിതമാർക്ക് നൽകും. കേരളം ഇവയിലെല്ലാം ഒന്നാംസ്ഥാനം ഉറപ്പിച്ചു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യസുരക്ഷാ ഉപദേശകസമിതി, ഉപദേശകസമിതികളുടെ യോഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകൾ, ആഘോഷവേളകളിലും മറ്റും നടത്തുന്ന പ്രത്യേക പരിശോധനകൾ, ലൈസൻസ്-രജിസ്‌ട്രേഷൻ എന്നിവ വിതരണംചെയ്യാനായി നടത്തിയ ക്യാമ്പുകൾ എന്നിവ സംബന്ധിച്ച വിലയിരുത്തലിലും മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലെത്താനായി.
വിതരണംചെയ്ത ലൈസൻസുകൾ, പുതിയവ, ശേഖരിച്ച സാമ്പിളുകൾ, ഭക്ഷ്യപരിശോധനാ ലാബുകൾ, ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പരാതികൾ എന്നിവയുടെ എണ്ണമെടുക്കലിലും ഒന്നാംസ്ഥാനം നിലനിർത്തി.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ, ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഹെൽപ്പ് ലൈൻ-ഹെൽപ്പ് ഡെസ്‌ക് ഏർപ്പെടുത്തൽ, സംസ്ഥാന ഭക്ഷ്യസുരക്ഷാ ലാബിലെ സൗകര്യങ്ങൾ, അവിടെ ലഭ്യമായ ഉപകരണങ്ങൾ, പൊതുജനങ്ങൾക്കിടയിൽ വകുപ്പു നടത്തിയ ബോധവത്കരണ-അവബോധന പ്രവർത്തനങ്ങൾ, ഈറ്റ് റൈറ്റ് ചലഞ്ചിലെ പങ്കാളിത്തം-ഇവയും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലെത്താൻ സഹായകമായിരുന്നു.
Content Highlights: kerala once again tops food safety ranking