110 രൂപയില്‍ നിന്ന് 230-ലേക്ക്; കയമ അരിയുടെ വില കത്തിക്കയറുന്നു, ഹോട്ടലുകളില്‍ ബിരിയാണിക്ക് വിലകൂടി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കല്പറ്റ: പിടിച്ചാല്‍ കിട്ടാത്തവിധം വിപണിയില്‍ ബിരിയാണി അരിയുടെ വില കത്തിക്കയറുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുടമകളും. കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്ന കയമ അരിക്ക് ഇപ്പോള്‍ കിലോയ്ക്ക് 230 രൂപയാണ് വില. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി വിലയുയര്‍ന്ന് ഓഗസ്റ്റ് പകുതിയായപ്പോഴേക്കുമാണ് വില 230 രൂപയിലെത്തിനില്‍ക്കുന്നത്.

മുന്‍പ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഇരട്ടിവിലയായത്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാന്‍ഡുകള്‍ക്ക് ഇപ്പോള്‍ 215 രൂപയായി. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍ മാന്‍ ബ്രാന്‍ഡിന് വില 225 രൂപയായി ഉയര്‍ന്നു. കെടിഎസ് ബ്രാന്‍ഡിന്റെ വില കിലോയ്ക്ക് 110-ല്‍ നിന്ന് 220 രൂപയായും ഉയര്‍ന്നു. അനിയന്ത്രിതമായ വിലവര്‍ധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു.

പശ്ചിമബംഗാളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനം കാരണമുണ്ടായ കൃഷിനാശവും കയറ്റുമതിവര്‍ധനയുമാണ് വലിയതോതിലുള്ള വിലവര്‍ധനയ്ക്കു കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു.

വിളവെടുത്ത അരി രണ്ടുവര്‍ഷം സൂക്ഷിച്ചുവെച്ചശേഷം ഉപയോഗിക്കുമ്പോഴാണ് യഥാര്‍ഥ രുചിയും ഗുണമേന്മയും ലഭിക്കുക. എന്നാല്‍, ഇത്തരത്തില്‍ കരുതിവെച്ച അരി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടതും വിലവര്‍ധനയ്ക്കു കാരണമായി.

ബിരിയാണി അരിവില കുതിച്ചുയര്‍ന്നതോടെ ഹോട്ടലുകളില്‍ ബിരിയാണിക്ക് വിലവര്‍ധിച്ചു. ചിക്കന്‍ ബിരിയാണിക്കും ബീഫ് ബിരിയാണിക്കും 20 രൂപവീതമാണ് കൂടിയത്.

വെളിച്ചെണ്ണവില കുറഞ്ഞെങ്കിലും പ്രയോജനമില്ല
കുതിച്ചുയര്‍ന്ന വെളിച്ചെണ്ണവില അല്പം കുറഞ്ഞത് നേരിയ ആശ്വാസമായി. ലിറ്ററിന് 440 രൂപവരെ ഉയര്‍ന്നിടത്തുനിന്ന് ഇപ്പോള്‍ 380 രൂപയായി താഴ്ന്നിട്ടുണ്ട്. എങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ഇപ്പോഴും വിപണിയിലുള്ളത് ഉയര്‍ന്ന വിലയാണ്. രണ്ടുമാസംമുന്‍പ് ലിറ്ററിന് 200 രൂപവരെ ഉണ്ടായിരുന്ന വെളിച്ചെണ്ണയ്ക്കാണ് വില കുത്തനെ കുതിച്ച് ഇരട്ടിയിലധികമായത്. ലിറ്ററിന് 200 രൂപയില്‍ താഴെ വിലയെത്തിയാല്‍മാത്രമേ സാധാരണക്കാര്‍ക്ക് പ്രയോജനമാവുകയുള്ളൂവെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ഉത്പാദനക്കുറവാണ് വെളിച്ചെണ്ണയുടെ വിലവര്‍ധനയ്ക്കും കാരണമായത്. വെളിച്ചെണ്ണയ്ക്കു പകരം പലരും സണ്‍ഫ്‌ളവര്‍ ഓയിലിനെയും പാമോയിലിനെയും കൂടുതല്‍ ആശ്രയിക്കുന്നത്.

വിലവര്‍ധന നിയന്ത്രിക്കാന്‍ ഇടപെടല്‍ വേണം
ഏറ്റവും കൂടുതല്‍ ബിരിയാണി അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ദിവസേന വിലകൂടുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മുന്‍പ് 30 ടണ്ണിന്റെ ബിരിയാണി അരി എടുക്കണമെങ്കില്‍ 30 ലക്ഷംരൂപയാണ് ചെലവ്. ഇന്ന് 60 ലക്ഷംരൂപ ചെലവുവരുന്ന സ്ഥിതിയായി. ഇനി അടുത്ത വിളവാകുംവരെ വിലകുറയാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്, ടി. ഷാഹിദ് (മാനേജര്‍, ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്റര്‍, കല്പറ്റ)

Content Highlights: Biryani kaima rice prices in Kerala