ഇഷ്ടംപോലെ പറാത്ത കഴിക്കും, വീണ്ടും യോഗചെയ്യാൻ തുടങ്ങി-ഫിറ്റ്നസിനെക്കുറിച്ച് കരീന

#Lifestyle desk
കരീന കപൂർ, പ്രതീകാത്മക ചിത്രം | Photo: PTI, Canva
കരീന കപൂർ, പ്രതീകാത്മക ചിത്രം | Photo: PTI, Canva

പറാത്തയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും പൊതുവേദികളിൽ വാചാലയാകാറുണ്ട് ബോളിവുഡ് താരം കരീന കപൂർ. അതേ സമയം ഫിറ്റ്‌നസിലും നടി ശ്രദ്ധപുലർത്താറുണ്ട്. തന്റെ പുതിയ ഫിറ്റ്‌നസ് ദിനചര്യ എങ്ങനെയാണെന്നും തനിക്കേറെ ഇഷ്ടപ്പെട്ടതും നിയന്ത്രിക്കാൻ കഴിയാത്തതുമായ ഭക്ഷണം ഏതാണെന്നുമെല്ലാം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ബോഡി ട്രാൻസ്‌ഫോർമേഷനെക്കുറിച്ചും യോഗയിലേക്ക് തിരികെ വന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ടൈംസ് എന്റർടൈൻമെന്റിന് നൽകിയ ഒരു അഭിമുഖത്തിൽ കരീന കപൂർ.

ഭക്ഷണക്രമം

പറാത്ത കഴിക്കാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മുമ്പ് കരീന വെളിപ്പെടുത്തിയിരുന്നു. 'തഷൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് താൻ സൈസ് സീറോയായിരുന്നിട്ടും പറാത്ത കഴിച്ചിരുന്നതായി നടി തുറന്നുപറഞ്ഞിരുന്നു.

'ഭക്ഷണവുമായും ഫിറ്റ്‌നസുമായും എനിക്ക് നല്ല ബന്ധമുണ്ട്, കാരണം കഴിക്കാൻ എനിക്കിഷ്ടമാണ്. ഇന്ന് ഞാൻ രണ്ട് പറാത്ത കഴിച്ചു. എനിക്കത് കഴിച്ചേ പറ്റൂ,' കരീന പറഞ്ഞു.

ഭക്ഷണത്തിന്റെ കാര്യത്തിൽ, കരീന കപൂർ ഉള്ളിന്റെയുള്ളിൽ ഒരു 'ഇന്ത്യക്കാരിതന്നെ'യാണ്. ലോകോത്തര വിഭവങ്ങൾ ആസ്വദിക്കുന്നത് ഇഷ്ടമാണെങ്കിലും, ഖിച്ഡി, ദാൽ ചാവൽ, വീട്ടിലുണ്ടാക്കുന്ന കപൂർ സ്‌റ്റൈൽ വിഭവങ്ങൾ എന്നിവയെല്ലാമാണ് തന്റെ ഇഷ്ട ഭക്ഷണങ്ങളെന്ന് നടി നേരത്തെ സമ്മതിച്ചതാണ്.

ഫിറ്റ്‌നസ് ദിനചര്യ
ഫിറ്റ്‌നസ്സിനോടുള്ള കരീനയുടെ അർപ്പണബോധത്തെപ്പറ്റി പലപ്പോഴും ആരാധകർ ചർച്ചചെയ്യാറുണ്ട്. ഏത് പ്രോജക്റ്റ് ആണെങ്കിലും, മികച്ച ശരീരാകൃതി നിലനിർത്താനും താരം ശ്രമിക്കുന്നു. എന്നാൽ യോഗയോടുള്ള കരീന കപൂറിന്റെ പ്രതിബദ്ധത പ്രചോദനം നൽകുന്നതാണ്.

'വിവിധതരം വ്യായാമങ്ങൾ പരീക്ഷിക്കാനും അവയിൽ പരീക്ഷണം നടത്താനും എനിക്ക് ഇഷ്ടമാണ്. ഒരുപാട് വ്യായാമങ്ങൾ ഞാൻ പരീക്ഷിച്ചു. പക്ഷെ എന്റെ ഹൃദയം യോഗയിലേക്ക് മടങ്ങിവരുന്നു. എനിക്ക് ഏറ്റവും യോജിച്ചത് അതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്', നടി പറഞ്ഞു.

2007-ൽ 'തഷൻ' എന്ന ചിത്രത്തിന്റെ സമയത്താണ് ആദ്യമായി യോഗ ചെയ്യാൻ തുടങ്ങിയത്. 2026-ൽ, വീണ്ടും യോഗ ചെയ്യാൻ തുടങ്ങി. എന്റെ ശരീരത്തിന് വീണ്ടും മാറ്റം വരുന്നത് ഞാൻ കാണുകയാണ്. ഞാൻ പറാത്ത കഴിക്കുന്നതും യോഗ ചെയ്യുന്നത് തുടരുകതന്നെ ചെയ്യും,' കരീന കപൂർ പറഞ്ഞു.

ഉത്തരേന്ത്യയിലെ പ്രധാന പ്രഭാതഭക്ഷണമാണ് ആലൂ പറാത്ത. വെണ്ണ, ചട്നി, അച്ചാർ, തൈര് എന്നിവയ്ക്കൊപ്പമാണ് ആലൂ പറാത്ത കഴിക്കാറുള്ളത്. രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും താൻ ആലൂ പറാത്ത കഴിക്കാറുണ്ടെന്ന് മുമ്പ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കരീന കപൂർ പറഞ്ഞിരുന്നു.

രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും എനിക്ക് വെണ്ണകൂട്ടി ആലൂ പറാത്ത കഴിക്കുക എന്നത് തനിക്ക് നിർബന്ധമാണെന്നും തഷൻ എന്ന സിനിമചെയ്ത സമയത്തും പ്രാതലിന് താൻ പറാത്തയും വെണ്ണയും കഴിച്ചിരുന്നു എന്നുമാണ് താരം വെളിപ്പെടുത്തിയിരുന്നത്. തന്റേത് ഒരിക്കലും ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുള്ള സൈസ് സീറോ ഡയറ്റ് ആയിരുന്നില്ലെന്നും രാവിലെ നന്നായി ഭക്ഷണം കഴിക്കാമെന്നും അന്ന് താരം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Kareena Kapoor balances a healthy lifestyle with her love for traditional Indian comfort food., The actress emphasizes that restrictive dieting is not sustainable., Yoga remains her primary choice for long-term physical and mental well-being., Consistency in fitness routines allows for dietary flexibility.