ബിരിയാണിക്ക് 'രുചി' കുറയുമോ? കൈമ അരിക്ക് വില കുതിക്കുന്നു, കിലോയ്ക്ക് 140 രൂപ !

#എൻ. സൗമ്യ
പ്രാതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രാതീകാത്മക ചിത്രം| ഫോട്ടോ: canva.com

കോഴിക്കോട്: രുചിയിലും മണത്തിലും മുന്നിൽനിൽക്കുന്ന ബിരിയാണി അരി കൈമയ്ക്ക് വില കുതിക്കുന്നു. ഫെബ്രുവരിമുതൽ വിലയിൽ മാറ്റമുണ്ടെങ്കിലും ഇപ്പോൾ മൊത്തവിപണിയിൽ കിലോയ്ക്ക് 140 രൂപയായി. ഒരുമാസത്തിനിടെ 20 രൂപയാണ് കൂടിയത്. കല്യാണവും ആഘോഷങ്ങളും കൂടുതലുള്ള സീസണിലാണ് വിലക്കയറ്റം.

ബംഗാളിലെ ബർധ്മാനിൽനിന്നാണ് കൈമ അരി കൊണ്ടുവരുന്നത്. ഒന്നര-രണ്ട് കൊല്ലം പഴക്കമുള്ള നെല്ലിൽനിന്നാണ് കൈമ അരിയുണ്ടാക്കുന്നത്. അങ്ങനെചെയ്യുമ്പോഴാണ് രുചിയും ഗുണവും കൂടുന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ അവിടെ മഴയെത്തുടർന്ന് കൃഷിനാശമുണ്ടായതാണ് ഇപ്പോൾ വിലകൂടാൻ കാരണം. മൊത്തവിപണിയിൽ 140 ആയതോടെ ചെറുകിടവിപണിയിൽ ഇതിനെക്കാളും കൂടിയ വിലയിലാണ് കൈമ അരി വിൽക്കുന്നത്. ബസ്‌മതിയുൾപ്പെടെയുള്ള ബിരിയാണി അരിയുണ്ടെങ്കിലും കൈമയ്ക്കാണ് പ്രിയം കൂടുതൽ.

‘‘ബംഗാളിൽ അരിയുടെ സ്റ്റോക്ക് കുറവാണെന്നാണ് പറയുന്നത്. ഫെബ്രുവരിയിൽ ചെറിയരീതിയിൽ വിലകൂടാൻ തുടങ്ങി. പിന്നീട് നോമ്പുകാലമായതിനാൽ പലയിടത്തും ഹോട്ടലുകളൊന്നും തുറക്കാത്തതിനാൽ അധികം ആവശ്യം വന്നില്ല. എന്നാൽ, ഇപ്പോൾ സീസണായി. അഞ്ചാറുമാസംകൊണ്ട് ഇനി അവിടെ അടുത്ത വിളവെടുപ്പ് നടക്കും. അപ്പോഴേക്കും വിലയിലും കുറവുവരുമെന്നാണ് കരുതുന്നത്’’ -കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എ. ശ്യാംസുന്ദർ ഏറാടി പറഞ്ഞു.

കോഴിക്കോട് വലിയങ്ങാടി| ഫോട്ടോ: കെ. കെ സന്തോഷ്

കേരളത്തിലേക്ക് വരുന്നതിനെക്കാൾ കൂടുതൽ കൈമ അരി വിദേശത്തേക്ക് കയറ്റിയയക്കുകയാണ് ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ദുബായ് എന്നിവിടങ്ങളിലേക്കെല്ലാം ബംഗാളിൽനിന്ന് അരി കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ സ്റ്റോക്ക് കുറവായതിനാൽ കേരള മാർക്കറ്റിലേക്ക് നൽകുന്നതും കുറവാണ്.

കോഴിക്കോട് വലിയങ്ങാടിയിൽമാത്രം ഒരുമാസം ചുരുങ്ങിയത് 5000-6000 ക്വിന്റൽ (12,000 ചാക്ക്) കൈമ അരി വേണ്ടിവരുന്നുണ്ട്. ചിലയിടങ്ങളിൽ വ്യാപാരികൾ കൈയിലുള്ള സ്റ്റോക്കിന് മൊത്തവിപണിയിൽ 135 രൂപയൊക്കെയാണ് ഈടാക്കുന്നത്. എന്നാൽ, പുതിയ സ്റ്റോക്കിന് 140 രൂപ തന്നെയാണ് വാ"ങ്ങുന്നത്.

Content Highlights: Kaime rice, crucial for biriyani, sees a price surge