പരുത്തി മിൽ തൊഴിലാളികൾക്കായി ഉണ്ടാക്കിയ സ്ട്രീറ്റ് ഫുഡ്, ആഗോളതലത്തിൽ ആരാധകരുള്ള വടാ പാവ്

വടാ പാവ്| ഫോട്ടോ: canva.com
വടാ പാവ്| ഫോട്ടോ: canva.com

ബോംബേ ബര്‍ഗര്‍ എന്ന വിളിപ്പേരുള്ള വടാപ്പാവിൻ്റെ ആരാധകനായിരിക്കുകയാണ് ജപ്പാന്‍ അംബാസിഡർ ഓനോ കെയ്ച്ചി. മുംബൈയിലെ പ്രശസ്തമായ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന് മുന്നിൽ നിന്ന് മുംബൈയുടെ ക്ലാസിക് സ്ട്രീറ്റ് ഫുഡായ വടാ പാവിൻ്റെ രുചി ആസ്വദിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

1939 മുതൽ വാടാപാവ് വിൽക്കുന്ന മുംബൈയിലെ പ്രസിദ്ധമായ അരം വടാ പാവ് ( aaram vada pav) എന്ന കടയ്ക്കുമുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ വിഭവങ്ങൾ ആദ്യമായല്ല ഓനോ ആസ്വദിക്കുന്നത്. ധോക്ല, ദഹി പൂരി, പത്ര, ഹാൻഡ്‌വോ തുടങ്ങിയ ഗുജറാത്തി വിഭവങ്ങൾ അടങ്ങിയ താലിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. വാഴയിലയിൽ ആവിയിൽ വേവിച്ചെടുക്കുന്ന പങ്കി എന്ന വിഭവം,  ബിഹാറിന്റെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡായ ലിറ്റി ചോഖ എന്നിവയും ഓനോയുടെ സമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വടാ പാവ് ആസ്വദിക്കുന്ന ജപ്പാൻ അംബാസഡർ

മാധുരി ധീക്ഷിതിനൊപ്പം വടാ പാവ് രുചിക്കുന്ന
ടിം കുക്ക്| ഫോട്ടോ: PTI

കഴിഞ്ഞവർഷം ആപ്പിൾ സിഇഒ ടിം കുക്ക് ബോളിവുഡ് താരം മാധുരി ധീക്ഷിതിനൊപ്പം വാടാ പാവ് ആസ്വദിക്കുന്ന ചിത്രവും ശ്രദ്ധനേടിയിരുന്നു

ഉരുഴക്കിഴങ്ങിൽ തയ്യാറാക്കിയ ബർഗർ

മുംബൈയിലെ പരുത്തി മിൽ തൊഴിലാളികൾക്കാണ് ആദ്യകാലങ്ങളിൽ വടാ പാവ് വിളമ്പിയിരുന്നത്. ദാദർ റെയിൽവേ സ്റ്റേഷന് പുറത്ത് 1966-ലാണ് ആദ്യത്തെ വട പാവ് കട ആരംഭിക്കുന്നത്. വേവിച്ച ഉരുളക്കിഴങ്ങിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, കടുക്, മഞ്ഞൾ എന്നിവ ചേർത്ത് കുഴച്ച് ഉരുട്ടിയെടുക്കും. ഇവ കടല മാവിൽ പൊതിഞ്ഞ് എണ്ണയിൽ മുക്കി പൊരിക്കും. ഇതാണ് ബണ്ണിൻ്റെ ഉള്ളിൽവെക്കുന്ന ഫില്ലിങ്. ചപ്പാത്തി-ബാജി പോലുള്ള ഭക്ഷണത്തെ അപേക്ഷിച്ച് വേഗത്തിൽ തയ്യാറാക്കാമെന്നതും താരതമ്യേന ചിലവുകറഞ്ഞതുമാണെന്നതാണ് വടാ പാവിനെ ജനകീയമാക്കുന്നത്. ഇതിനും പുറമേ സാധാരണക്കാർ നിത്യേന സഞ്ചരിക്കുന്ന തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ ഇവ കഴിക്കാൻ സൗകര്യപ്രദമായിരുന്നു എന്നതും മറ്റൊരു കാരണമാണ്. 

പൊരിച്ചെടുത്ത ഉരുളക്കിഴങ് മിശ്രിതം ബണ്ണിനുള്ളിൽ വച്ച്, ഒന്നോ അതിലധികമോ ചട്നികളും വറുത്ത പച്ചമുളകും ചേർത്താണ് ഇവ വിളമ്പുന്നത്.

ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഭക്ഷണശാലകളിലും റസ്റ്ററന്റുകളിലും ഇവ ലഭ്യമാണ്. മുംബൈയിൽ തന്നെ 20,000-ലധികം വട പാവ് കടകൾ ഉണ്ടെന്നാണ് കണക്കുകൾ. ബർഗറിനോടുള്ള സാമ്യം കണക്കിലെടുത്ത് ബോംബെ ബർഗർ എന്നും വിളിക്കുന്നു. മറാത്തിയിൽ "ബടാറ്റ വട" എന്നാൽ "ഉരുളക്കിഴങ്ങ് ഫ്രിറ്റർ' എന്നാണ് അർത്ഥം. "ഉരുളക്കിഴങ്ങ്" (ബടാറ്റ) എന്ന വാക്കും, വട എന്ന വാക്കും ചേർന്നതാണ് ഇത്. പാവ് എന്നത് ബ്രെഡ് എന്ന് അർഥം വരുന്ന പോർച്ചുഗീസ് വാക്കായ 'പാവോ' (pão) യിൽനിന്ന് ഉരുത്തിരിഞ്ഞതാണ്.

Content Highlights: Japanese Ambassador Embraces Mumbai's Iconic Vada Pav: A Culinary Diplomacy