ഫാം ഹൗസിലെത്തിയ ഫറാ ഖാന് ചീരക്കറിയും തൈര് സാദവും പാചകംചെയ്ത് നല്‍കി ജാക്കി ഷ്‌റോഫ്

തന്റെ ഫാം ഹൗസിലെ ഓപ്പൺ കിച്ചണില്‍ ഭക്ഷണം പാചകം ചെയ്യുന്ന ജാക്കി ഷ്‌റോഫ്. ഫറാ ഖാൻ സമീപം | Photo: Youtube/FarahKhan
തന്റെ ഫാം ഹൗസിലെ ഓപ്പൺ കിച്ചണില്‍ ഭക്ഷണം പാചകം ചെയ്യുന്ന ജാക്കി ഷ്‌റോഫ്. ഫറാ ഖാൻ സമീപം | Photo: Youtube/FarahKhan

ലച്ചിത്ര നിര്‍മാതാവും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റ യൂട്യൂബിലെ ചാനലിലെ 'ഫണ്‍ വിത്ത് ഫറാ ഖാന്‍' എന്ന പരിപാടിയില്‍ ചീരകൊണ്ടുള്ള കറി(ചോളായി കാ സാഗും) തൈര് സാദവും (ഹി ഭാത്തും) തയ്യാറാക്കി നടന്‍ ജാക്കി ഷ്‌റോഫ്.

പൂനെക്ക് അടുത്തുള്ള ജാക്കി ഷ്‌റോഫിന്റെ ഫാം ഹൗസ് സന്ദര്‍ശിച്ച്, വിശേഷങ്ങള്‍ പങ്കുവെച്ച് അവിടെനിന്നും ഭക്ഷണം പാകംചെയ്യുന്നതും കഴിക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്.

ഫറാ, ദിലീപ്, ജാക്കി എന്നിവര്‍ ഓപ്പണ്‍ കിച്ചണില്‍വെച്ചാണ് ഭക്ഷണം പാചകം ചെയ്തത്. ജാക്കി ഷ്‌റോഫ് പാചകത്തിന്റെ ചുമതലയേറ്റെടുക്കുകയും തന്റെ ഇഷ്ടവിഭവങ്ങളായ ചോളായി കാ സാഗ്, ബൈഗന്‍ ഭര്‍ത്ത, ദഹി ഭാത്ത് എന്നിവ പാകം ചെയ്യുകയും ചെയ്തു.

ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണം
ജാക്കി ഷ്‌റോഫിന്റെ ഭക്ഷണത്തോടുള്ള സമീപനം അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു. ഉള്ളി അരിയുന്നത് മുതല്‍ ഇഞ്ചിയും വെളുത്തുള്ളിയും കൈകൊണ്ട് ചതയ്ക്കുന്നത് വരെ, പാചകത്തിന്റെ ഓരോ ഘട്ടവും അദ്ദേഹം ആസ്വദിക്കുന്നു. ആഡംബര വിഭവങ്ങളോ ഗ്രേവികളോ ഇല്ലാതെയാണ്, പ്രാദേശികമായി വളര്‍ത്തിയെടുത്ത ഉത്പ്പന്നങ്ങള്‍ കൊണ്ട് അദ്ദേഹം ഭക്ഷണമുണ്ടാക്കിയത്.

പാചകക്കുറിപ്പ്
ജാക്കിയുടെ ദഹി ഭാത്ത് (തൈര് സാദം) ലളിതവും നാടന്‍ രുചിയും നിറഞ്ഞതാണ്. ഇത് തയ്യാറാക്കുന്ന വിധം നോക്കാം.

  • ചോറ് വേവിച്ച് പൂര്‍ണമായും തണുക്കാന്‍ അനുവദിക്കുക.
  • ചോറ് ഒരു മണ്‍പാത്രത്തിലേക്ക് മാറ്റി അല്പം ഇളം ചൂടുള്ള പാല്‍ ഒഴിക്കുക.
  • ഒരു സവാള ചതച്ച്, കീറിയ പച്ചമുളകിനൊപ്പം പാത്രത്തിലേക്ക് ചേര്‍ക്കുക.
  • ഇത് അടച്ചുവെച്ച് ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കുക. രാവിലെയാകുമ്പോഴേക്കും സ്വാഭാവികമായി പുളിച്ച തൈര് സാദം തയ്യാറാകും. പിന്നീട് എണ്ണയും മസാലകളും ഉപയോഗിച്ച് താളിച്ച് ഉപ്പും ചേര്‍ത്ത് ഇളക്കി വിളമ്പുക.

ജാക്കി ഷ്‌റോഫ് തയ്യാറാക്കിയ ചീരക്കറി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം

  • പച്ച, ചുവപ്പ് ചീരയിലകള്‍, മുരിങ്ങയില, ശതകുപ്പയില എന്നിവ ഒരുമിച്ച് ചതച്ചെടുക്കുക.
  • ഒരു ഇടികല്ലില്‍, ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് പേസ്റ്റ് രൂപത്തില്‍ ചതച്ചെടുക്കുക.
  • ഒരു മണ്‍പാത്രത്തില്‍ എണ്ണയും നെയ്യും ചൂടാക്കി, സവാള, കറിവേപ്പില, കല്ലുപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക.
  • ചതച്ചുവെച്ച ഇലകള്‍ ചേര്‍ത്തിളക്കുക, ശേഷം അരിഞ്ഞ തക്കാളി ചേര്‍ത്ത് എല്ലാം നന്നായി യോജിക്കുന്നതുവരെ വേവിക്കുക.
  • കറി നന്നായി വേവുന്നതുവരെ ഇടയ്ക്കിടെ ഇളക്കി, ചൂടോടെ വിളമ്പുക.

Content Highlights: Jackie Shroff cook delicious Cheera Curry (Saag) and Dahi Bhat (Yogurt Rice) for Farah Khan at his farmhouse. Simple, nutritious recipes from the actor`s kitchen.