മൈസൂര്‍ പാക്കും മസാലദോശയും താരമായി; യോഗാദിനത്തില്‍ മൈസൂര്‍കൊട്ടാരത്തില്‍ മോദിക്ക് പ്രഭാതഭക്ഷണം

മൈസൂരു: അന്താരാഷ്ട്ര യോഗദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാതഭക്ഷണം കഴിച്ചത് മൈസൂരു കൊട്ടാരത്തില്‍നിന്ന്. മൈസൂരു മഹാറാണി പ്രമോദദേവി വോഡയാറിന്റെ അഭ്യര്‍ഥനപ്രകാരമാണ് പ്രധാനമന്ത്രി കൊട്ടാരത്തിലെത്തിയത്.
ദക്ഷിണേന്ത്യന്‍രീതിയിലുള്ള വിഭവങ്ങളാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. പ്രശസ്തമായ 'മൈസൂര്‍പാക്ക്', 'മൈസൂര്‍ മസാലദോശ' എന്നിവയായിരുന്നു വിഭവങ്ങളിലെ ശ്രദ്ധേയ ഇനങ്ങള്‍. കാശി ഹല്‍വ, ഉപ്പുമാവ്, മദ്ദൂര്‍ വട, പൊങ്കല്‍, ബ്രഡും വെണ്ണയും, തേങ്ങ ചട്‌നി, തക്കാളി ചട്‌നി, ഇഡലി, സാമ്പാര്‍ എന്നിവയായിരുന്നു മറ്റിനങ്ങള്‍. രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഊട്ടിയിലുള്ള രണ്ട് ഹോട്ടലുകളില്‍നിന്നെത്തിയ പാചകവിദഗ്ധരാണ് ഭക്ഷണമൊരുക്കിയത്. ഭക്ഷണശേഷം പ്രധാനമന്ത്രി കൊട്ടാരം നടന്നുകണ്ടു.
യോഗപ്രദര്‍ശനത്തില്‍ പങ്കെടുത്തശേഷം കൊട്ടാരത്തിനുമുന്നിലെ ദസറ എക്‌സിബിഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ യോഗ പ്രദര്‍ശനം ഉദ്ഘാടനംചെയ്തശേഷമാണ് പ്രഭാതഭക്ഷണത്തിനായി പ്രധാനമന്ത്രി കൊട്ടാരത്തിലെത്തിയത്. മൈസൂരു രാജാവ് യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍, പ്രമോദദേവി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മൈസൂരു കൊട്ടാരത്തില്‍ പ്രഭാതഭക്ഷണം കഴിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രമോദദേവി പറഞ്ഞു. യെദുവീറിന്റെ പത്‌നി ത്രിഷികകുമാരി വോഡയാര്‍, മകന്‍ ആദ്യവീര്‍ നരസിംഹരാജ വോഡയാര്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.
Content Highlights: international yoga day, narendra modi, mysore pak, mysore masala dosa, food