സാൻഡ്‌വിച്ചിൽ അമിത ഉപ്പ്, കുക്കിക്ക് കഫ് സിറപ്പിന്റെ രുചി; വിമാനത്തില ഭക്ഷണത്തിനെതിരെ യാത്രക്കാരൻ

#Lifestyle desk
File Photo: Mathrubhumi
File Photo: Mathrubhumi

ഇൻഡിഗോ വിമാനത്തിൽ നൽകിയ ലഘുഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി പരാതി പങ്കുവെച്ച് ഡൽഹി സ്വദേശിയായ  യാത്രക്കാരൻ. ആകർഷകമായ പാക്കേജിങ്ങിലൂടെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമമാണ് വിമാനക്കമ്പനി നടത്തുന്നതെന്നാണ് എക്സ് പോസ്റ്റിലെ ആരോപണം.

അമിതമായി തുക ഈടാക്കാതെ ടിക്കറ്റിനൊപ്പം ലഭിച്ച ഭക്ഷണക്കിറ്റിലെ സാൻഡ്‌വിച്ചിൽ അമിതമായി ഉപ്പ് ചേർത്തിരുന്നതായും ക്രാൻബെറി കുക്കിക്ക് കഫ് സിറപ്പിന്റെ രുചിയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. 

പരാതി പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തുന്നത്. 2025-ലെ കണക്കുകൾ പ്രകാരം വിമാനത്തിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയുള്ളവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനക്കമ്പനികൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്.

വിമാനയാത്രയ്ക്കിടെ ഗുണനിലവാരമില്ലാത്തതോ പഴകിയതോ ആയ ഭക്ഷണം ലഭിച്ചാൽ യാത്രക്കാർക്ക് നിയമപരമായി പരാതിപ്പെടാൻ കൃത്യമായ മാർഗ്ഗങ്ങളുണ്ട്. വിമാനത്തിനുള്ളിൽ വെച്ച് തന്നെ ക്രൂവിനെ വിവരമറിയിക്കുകയും അവരുടെ കംപ്ലെയിന്റ് ബുക്കിൽ അത് രേഖപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒപ്പം ലഭിച്ച ഭക്ഷണത്തിന്റെ ചിത്രങ്ങളോ വീഡിയോയോ തെളിവായി കരുതുന്നത് പരാതിക്ക് ബലം നൽകും. വിമാനയാത്ര കഴിഞ്ഞ് ഏഴ് ദിവസത്തിനകം എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖാമൂലം പരാതി നൽകണം. അവിടെ നിന്ന് പരിഹാരമായില്ലെങ്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർസേവ പോർട്ടൽ വഴിയോ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ (1915) വഴിയോ നടപടി ആവശ്യപ്പെടാവുന്നതാണ്.

ഭക്ഷണം തയ്യാറാക്കുന്നത് പുറത്തുള്ള ഏജൻസികളാണെങ്കിൽ പോലും അതിന്റെ ഗുണനിലവാരത്തിൽ വിമാനക്കമ്പനിക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന് ഡിജിസിഎ നിയമങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുകയോ മാനസിക വിഷമമുണ്ടാകുകയോ ചെയ്താൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം തേടാനും യാത്രക്കാർക്ക് അവകാശമുണ്ട്. നേരത്തെ വിമാനത്തിലെ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 35,000 രൂപയും മോശം സേവനങ്ങൾക്ക് ഒന്നര ലക്ഷം രൂപ വരെയും കോടതികൾ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് എയർലൈനുകളുടെ നിയമപരമായ ബാധ്യതയാണെന്നും ഇതിൽ വീഴ്ച വരുത്തുന്നത് ശിക്ഷാർഹമാണെന്നും ഡിജിസിഎ ചട്ടങ്ങൾ അടിവരയിടുന്നു.

Content Highlights: Increased passenger complaints regarding in-flight meal quality in 2026., Steps to document poor food quality using photos and crew reports., Guidance on using the AirSewa portal and National Consumer Helpline., Legal obligations of airlines regarding outsourced catering services