ഇന്ത്യൻ കോഫിഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും; ഉച്ചയ്ക്ക് ചായയും കാപ്പിയുമില്ല

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തെത്തുടർന്ന് ഇന്ത്യൻ കോഫിഹൗസുകളുടെ അടുക്കളയും പൂട്ടലിന്റെ വക്കിൽ. ഒന്നോരണ്ടോ ദിവസത്തേക്കുള്ള സിലിൻഡർ മാത്രമേ കോഫിഹൗസുകളിൽ കരുതലുള്ളൂ. തൃശ്ശൂർമുതലുള്ള തെക്കൽ ജില്ലകളിൽ 45 ശാഖകളാണ് തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്കുള്ളത്.

പതിനഞ്ച് ശാഖകളിൽ ഭാഗികമായെങ്കിലും വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു. വിറകുപയോഗിച്ചുമാത്രം പ്രവർത്തനം തുടരാൻ കഴിയില്ല. 45 ശാഖകളിലേക്ക്‌ ഒരുമാസം അയ്യായിരത്തോളം സിലിൻഡറുകളാണ് വേണ്ടത്. പ്രതിസന്ധി തുടരുന്നതിനാൽ ഊണ് ഒഴിവാക്കാനാണ് സാധ്യത. പ്രതിസന്ധി തീരുംവരെ ഊണിനുപകരം ബിരിയാണി നൽകും. പകൽ 12 മുതൽ മൂന്നുവരെ ചായയും കോഫിയും നൽകില്ല. ആശുപത്രി കാന്റീനുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കൂടുതൽ സിലിൻഡർ ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനിക്ക് കോഫിബോർഡ് കത്തുനൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭയിലേതടക്കം കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിക്കുന്ന കോഫിഹൗസുകളിൽ വിറകടുപ്പ് ഉപയോഗിക്കാനാകില്ല.

Content Highlights: LPG supply crisis threatens operations across 45 Indian Coffee House branches.