വിലക്കയറ്റ ഭീഷണി; പഞ്ചസാര കയറ്റുമതി താൽകാലികമായി നിർ‌ത്തിലാക്കി കേന്ദ്ര സർക്കാർ

രാജ്യത്ത്‌ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. അസംസ്കൃതം മുതൽ ശുദ്ധീകരിച്ച പഞ്ചസാര വരെയുള്ള വിവിധ തരത്തിലുള്ള പഞ്ചസാരയുടെ കയറ്റുമതി സെപ്റ്റംബർ 30 വരെയോ അടുത്ത അറിയിപ്പ് വരുന്നത് വരേയൊ നിർത്തിവെച്ചു. തീരുമാനം പ്രാബല്യത്തിൽ വന്നതായും നിയന്ത്രണം തുടരുമെന്നുമാണ് സൂചന.

കരിമ്പ് ഉത്പാദനത്തിൽ ഉണ്ടായ കുറവും ആഭ്യന്തര വിപണിയിലെ വില വർധനവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില സംസ്ഥാനങ്ങളിൽ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും കരിമ്പ് കൃഷിയെ ബാധിച്ചതോടെ ഉത്പാദനത്തിൽ ഇടിവുണ്ടായി. ഇതോടെ മതിയായ പഞ്ചസാര ശേഖരം നിലനിർത്തേണ്ട സാഹചര്യം രൂപപ്പെട്ടു.

ലോക പഞ്ചസാര വിപണിയിൽ നിർണായക സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര വിപണിയിലും പ്രതിഫലിച്ചു. ആഗോള വിപണിയിൽ പഞ്ചസാരവില ഉയരാനിടയുണ്ടെന്നാണ് വ്യാപാര മേഖലയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് ഇന്ത്യയിൽനിന്ന് സ്ഥിരമായി പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ പുതിയ വിതരണ മാർഗങ്ങൾ തേടേണ്ട സാഹചര്യം ഉണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നാണ് സൂചന. മറുവശത്ത്, ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാനും സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനുമാകും സർക്കാരിന്റെ ഈ ഇടപെടൽ സഹായിക്കുക.

Content Highlights: India bans Sugar export