എണ്ണ എത്രത്തോളം കുറയ്ക്കുന്നോ അത്രയും നല്ലത്, ഉപയോഗത്തിൽ കരുതൽ വേണമെന്ന് ഡോക്ടർ

Representative Image| Photo: AI Generated
Representative Image| Photo: AI Generated

ഇന്ത്യൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് എണ്ണ. രുചി കൂട്ടുന്നതിൽ എണ്ണയുടെ പങ്ക് വലുതാണെങ്കിലും അമിതോപയോഗം ആരോഗ്യം പ്രശ്നകരമാക്കുമെന്നതും സത്യമാണ്. ഒരുദിവസത്തെ മൂന്നുനേരത്തേക്കുമുള്ള വിഭവങ്ങൾക്കായി ആവശ്യത്തിലുമധികം എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി.

എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. കരൾരോഗ വിദഗ്ധനായ ഡോ.ശിവ് സരിനാണ് എണ്ണയുടെ ഉപയോഗത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. എണ്ണയുടെ ഉപഭോഗം ആകെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ ഇരുപതുശതമാനമായി പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം പറയുന്നു. ആളുകൾ ദിവസവും അഞ്ചാറ് സ്പൂൺ എണ്ണയോ, നെയ്യോ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു സ്പൂൺ എണ്ണ എന്നത് ഏകദേശം അഞ്ചുഗ്രാം എണ്ണയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പച്ചക്കറികൾ വേവിക്കുമ്പോഴും ഭക്ഷണം തയ്യാറാക്കുമ്പോഴുമൊക്കെ അധികം എണ്ണ ഉപയോഗിക്കുന്നവരാണ് പലരും. ഈ ശീലം ഒഴിവാക്കണമെന്നും എത്രത്തോളം എണ്ണ കുറയ്ക്കുന്നോ അത്രയും നല്ലതാണെന്നും അദ്ദേഹം പറയുന്നു. പീനട്ട്സ്, ആൽമണ്ട്സ്, വാൾനട്സ് തുടങ്ങിയവയിൽ സ്വാഭാവിക എണ്ണയടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തിന് ആരോഗ്യകരമാണെന്നും അദ്ദേഹം പറയുന്നു.

അമിതമായി ഇത്തരം എണ്ണകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ദഹനപ്രശ്‌നങ്ങൾ: ഭക്ഷണത്തിലുള്ള എണ്ണയുടെ അളവിന് അനുസരിച്ചാണ് ശരീരത്തിൽ എന്തുമാത്രം കൊഴുപ്പ് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അമിതമായ അളവിൽ ശരീരത്തിൽ ഓയിലിന്റെ അംശം എത്തുന്നത് വയറുവേദന, വയറുവീർപ്പ്, വയറിളക്കം, ഓക്കാനം എന്നിവയുണ്ടാകാൻ കാരണമാകുന്നു.

ഭാരംകൂടൽ: എണ്ണ അടങ്ങിയ ഭക്ഷണത്തിൽ കലോറി വലിയ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണം ശരീരഭാരം കൂട്ടാനിടയാക്കും. കൊഴുപ്പ് കൂടുതൽ ഉണ്ടാകുന്നത് വയറിലടിയാനും ഇടയാക്കും.

ഹൃദയപ്രശ്‌നങ്ങൾ: എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മർദവും കൊളസ്‌ട്രോളും കൂട്ടാൻ ഇടയാക്കുന്നു. ഇവ രണ്ടും ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാക്കും. അതിനാൽ തന്നെ സ്ഥിരമായി എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നു.

ശരീരത്തിൽ കുരുക്കൾ: എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് ചർമത്തിനും പ്രശ്‌നമാണ്. ഇത് മുഖത്തും ശരീരത്തിലും കുരുക്കൾ ഉണ്ടാകാൻ ഇടയാക്കും. എണ്ണമയമുള്ള തരം ചർമമുള്ളവരാണെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.

പ്രമേഹം: എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്നതാണ്. എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് രക്തത്തിലെ ഷുഗർ നില ഉയർത്തും. സ്ഥിരമായി ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം വർധിപ്പിക്കുന്നു.

Content Highlights: Limit daily oil intake to 20% of total caloric consumption., Excessive oil usage poses significant risks to liver health