മരത്തിനുമുകളിൽ കഫേ തുടങ്ങി നടൻ ഹരീഷ് ഉത്തമൻ; ‘ഇത് സിനിമയിലെത്തുന്നതിന് മുമ്പേയുള്ള ആഗ്രഹം’

#Lifestyle desk
ഹരീഷ് ഉത്തമൻ തൻെറ കഫേയിൽ,  ട്രീ ടോപ്പ് കഫേ
ഹരീഷ് ഉത്തമൻ തൻെറ കഫേയിൽ, ട്രീ ടോപ്പ് കഫേ

ഒരു ചായക്കട തുടങ്ങണമെന്ന് വെറുതെയെങ്കിലും പറയാത്തവർ വിരളമായിരിക്കും, അല്ലേ? ഏറെ നാളായി തന്റെ മനസ്സിൽ കിടന്ന ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ചലച്ചിത്രതാരം ഹരീഷ് ഉത്തമൻ. അഭിനയരംഗത്തെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ചിന്തകളിലൂടെ കടന്നുപോയ റസ്റ്ററന്റ് എന്ന ആശയം 2026 മാർച്ച് 14-നാണ് സഫലമായത്. മരത്തിനു മുകളിലാണ് അതിമനോഹരമായ ഈ കഫേ തുടങ്ങിയിരിക്കുന്നത്. ഇതുപോലൊന്ന് ലോകത്ത് ആദ്യമാണെന്നാണ് നടൻ പറയുന്നത്. ഇങ്ങനെയൊരു സംരംഭം തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് ഉത്തമൻ.

രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുവരെയാണ് തമിഴ്‌നാട്ടിലെ ഓറോവില്ലിനടുത്തുള്ള ട്രീ ടോപ്പ് കഫേ പ്രവർത്തിക്കുന്നത്. കഫേയുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഭക്ഷണങ്ങളുമെല്ലാം ഹരീഷ് ഉത്തമൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദേശികളടക്കം നിരവധിപ്പേരാണ് ട്രീ ടോപ്പ് കഫേയിലെത്തുന്നതെന്നാണ് ട്രീ ടോപ്പ് കഫേയുടെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

എപ്പോഴും സ്‌പെഷ്യലായത് എന്തെങ്കിലുമൊന്ന് സൃഷ്ടിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇന്ന് ട്രീ ടോപ്പ് കഫേയെ കുറിച്ച് ലോകത്തിന് മുന്നിൽ പങ്കുവെക്കുമ്പോൾ എന്റെ ഹൃദയം നിറയുന്നു. കഴിഞ്ഞ ജൂണിലാണ് ഈ സ്വപ്നത്തിന്റെ വിത്ത് പാകിയത്. എന്റെ സുഹൃത്ത് ശങ്കറും ഞാനും ഒരുമിച്ച് ആദ്യമായി ഇതിനെക്കുറിച്ച് ആലോചിച്ചത് അപ്പോഴായിരുന്നു. സത്യം പറഞ്ഞാൽ, ഈ സ്വപ്നം ഇതിലും എത്രയോ കാലം മുൻപേ ഉള്ളതാണ്. 2008 മുതൽ, ഒരു കഫേയുടെയോ റസ്റ്ററന്റിന്റെയോ ഭാഗമാകാനുള്ള ആഗ്രഹം ഞാൻ ഉള്ളിൽ കൊണ്ടുനടന്നിരുന്നു. ജീവിതം മുന്നോട്ട് പോയി, സിനിമ സംഭവിച്ചു, അപ്പോഴും ആ സ്വപ്നം അതിന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു.

“വർഷങ്ങൾക്ക് ശേഷം ഞാൻ പോണ്ടിച്ചേരിയിലെ കീത്ത് ഹൗസിന്റെ സ്ഥാപകനായ ശങ്കറിനെ കണ്ടുമുട്ടി. ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കവെ, ആ സ്ഥലത്തിന്റെ ഊഷ്മളതയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ സത്യസന്ധതയും എന്നെ ആഴത്തിൽ സ്പർശിച്ചു. ആത്മബന്ധം തോന്നി. ആ സംഭാഷണങ്ങൾക്കിടയിലും പങ്കുവെച്ച നിമിഷങ്ങൾക്കിടയിലും ഒരു ലളിതമായ ചിന്തയുണർന്നു- എന്തുകൊണ്ട് ഒരുമിച്ച് എന്തെങ്കിലുമുണ്ടാക്കിക്കൂടാ? അങ്ങനെ പതുക്കെ, ആ ചിന്ത ട്രീ ടോപ്പ് കഫേയായി വളർന്നു”, ഹരീഷ് കുറിച്ചു.

തന്റെ സ്വപ്‌നം സഫലമാക്കാൻ കൂടെനിന്നവരോട് അദ്ദേഹം നന്ദി പറഞ്ഞു;
“ഞങ്ങളെ വിശ്വസിക്കുകയും ഞങ്ങളോടൊപ്പം നിന്നവരും ഉണ്ടായിരുന്നെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഷെറിൻ, ദിനേഷ്, എന്റെ മെന്ററായ മിറ കെ.കെ. രാമചന്ദ്രൻ, എന്റെ നല്ല പാതിയായ ചിന്നു എന്നിവരോട് അവരുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ മനോഹരമായ ട്രീഹൗസിന്റെ നിർമ്മാണത്തിനും രൂപകൽപ്പനയ്ക്കും പിന്നിലെ മിടുക്കനായ ഫിലിപ്പ് ക്ലിങ് സ്‌പൈസിനെ പ്രത്യേകം എടുത്തു പറയുന്നു.

മാർച്ച് 14 മുതലാണ് ഞങ്ങൾ ഔദ്യോഗികമായി കഫേ തുറന്നത്. ഔറോവിൽ നിന്ന് വളരെ സമീപത്തായി, പച്ചപ്പ് നിറഞ്ഞ ഒരന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ഹൃദ്യമായ ട്രീ ടോപ്പ് കഫേ 19.3 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും സമാനതകളില്ലാത്തതുമായ ട്രീ-ടോപ്പ് കഫേയാണിതെന്ന് പറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്‌നേഹം, ഭാവന, പ്രകൃതിയോടുള്ള ആഴത്തിലുള്ള ബഹുമാനം എന്നിവയോടെ നിർമിച്ച ഒരു സ്ഥലമാണിത്.

നിങ്ങൾ പോണ്ടിച്ചേരിയുടെ അടുത്താണെങ്കിൽ, ദയവായി വന്ന് സ്വയം അനുഭവിച്ചറിയുക. മരങ്ങൾക്കിടയിൽ ഇരിക്കുക, പച്ചപ്പ് ശ്വസിക്കുക, ഞങ്ങളുമായി ഒരു നിമിഷം പങ്കിടുക. കാരണം ഇത് വെറുമൊരു കഫേ മാത്രമല്ല. ഇത് വർഷങ്ങളോളം കാത്തുകിടന്ന് ഒടുവിൽ വഴി കണ്ടെത്തി, ശാഖകളിലേക്ക് പടർന്ന് ഒരു സ്വപ്നമാണ്”- ഹരീഷ് ഉത്തമൻ കുറിച്ചു.

Content Highlights: Actor Harish Uthaman fulfills his 2008 dream of opening a unique cafe., The cafe is located in Auroville, Tamil Nadu, at a height of 19.3 meters., Claims to be the world's tallest and most unique tree-top dining experience., The project was a collaborative effort with Keith House founder Shankar., The cafe emphasizes nature, sustainability, and architectural beauty.