ജിഎസ്ടി പരിഷ്‌കരണം; കേക്കിന് വില കുറഞ്ഞു, ബേക്കറികളിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊല്ലം: കപ്പ് കേക്ക്, പ്ലം കേക്ക്, ക്രീം കേക്ക്... ജിഎസ്ടി പരിഷ്‌കരണംമൂലം ബേക്കറികളിലേക്ക് എത്തുന്നവരുടെ എണ്ണം കഴിഞ്ഞദിവസങ്ങളില്‍ കൂടിയിട്ടുണ്ട്. നികുതിയിളവുമൂലം നിര്‍മാണസാമഗ്രികള്‍ക്ക് വില കുറഞ്ഞതാണ് കേക്കുകള്‍ക്ക് മധുരമേറ്റിയത്. കിലോയ്ക്ക് 600 രൂപയുണ്ടായിരുന്ന കേക്കിന് ഇപ്പോള്‍ 540 രൂപയാണ് വില. എന്നാല്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും കാര്യമായ വിലക്കുറവ് ഈ മേഖലയില്‍ ഉണ്ടായിട്ടില്ല.

ഡാല്‍ഡ, പാല്‍പ്പൊടി എന്നിവയ്ക്ക് വില കുറഞ്ഞത് ബ്രഡ്, ബണ്‍ എന്നിവയുണ്ടാക്കുന്ന കമ്പനികള്‍ക്ക് ആശ്വാസമാണ്. ചിലയിടങ്ങളില്‍ ഇവയ്ക്ക് വില കുറഞ്ഞിട്ടുണ്ട്. ബേക്കറിയുടമകളുടെ സംഘടന വിലക്കുറവ് വരുത്തേണ്ട ഉത്പന്നങ്ങളുടെ പട്ടിക അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം ചോക്ലേറ്റുകള്‍, മിക്‌സ്ചര്‍, ചിപ്സ് എന്നിവയ്ക്ക് വില കുറച്ചിട്ടുണ്ട്.

ചപ്പാത്തി പത്തെണ്ണത്തിന്റെ പാക്കറ്റ് 36 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോള്‍ രണ്ടുരൂപ കുറച്ച് 34 രൂപയ്ക്ക് കടകളില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ എല്ലാ കമ്പനികളും ഈ വിലക്കുറവ് നല്‍കുന്നില്ല. ഗോതമ്പുമാവ്, എണ്ണ എന്നിവയുടെ വിലയില്‍ വ്യത്യാസമൊന്നും വന്നിട്ടില്ലാത്തതിനാല്‍ ജിഎസ്ടി പരിഷ്‌കരണപ്രകാരം വില കുറച്ചാല്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് കമ്പനി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.

പത്ത് പൊറോട്ടയടങ്ങിയ പാക്കറ്റിന് 80 രൂപയാണ് വില. ഉയര്‍ന്ന ഉത്പാദനച്ചെലവും കടകളില്‍ എത്തിക്കുന്നതിനടക്കമുള്ള ചെലവുകളും കണക്കാക്കിയാല്‍ പൊറോട്ടവിലയും കുറയ്ക്കാനാകില്ലെന്ന നിലപാടാണ് സംരംഭകരില്‍ ഒരുവിഭാഗത്തിന്.

Content Highlights: GST reforms lead to price reductions on cakes and other bakery. Discover which products have become cheaper and the reasons behind the changes.