ന്യൂ ഇയർ പുലർച്ചെവരെ മുന്തിരിക്ക് നിലക്കാത്ത ഓർഡർ, കണ്ണ് തള്ളി ബ്ലിങ്കിറ്റ് സഹസ്ഥാപകൻ, 'കാരണമെന്ത്?'

ഇന്ത്യയിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് വഴി പുതുവർഷപ്പുലരിയിൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് മുന്തിരിയാണെന്ന് ബ്ലിങ്കിറ്റ് സഹസ്ഥാപകൻ അൽബിന്ദർ ധിന്ദ്സ. എക്സ്പ്ലാറ്റ് ഫോമിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പിന്നിലുള്ള കാരണവും അദ്ദേഹം തിരക്കുന്നുണ്ട്. മുന്തിരിയും പുതുവർഷവും തമ്മിലുള്ള വിശ്വാസങ്ങളെക്കുറിച്ചാണ് പലരും കമന്റ് ചെയ്യുന്നത്.
'ചൊവ്വാഴ്ച രാവിലെ വരെ തങ്ങളുടെ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമിൽ കൂടി ഏറ്റവും കൂടുതൽ പേർ മുന്തിരി ഓർഡർ ചെയ്തു. മുന്തിരിക്ക് ഇത്തരത്തിൽ വലിയൊരു ഓർഡർ ലഭിക്കാൻ കാരണമെന്ത്??' എന്നായിരുന്നു, ഓർഡർ ട്രെൻഡ് ഗ്രാഫ് പങ്കുവെച്ചുകൊണ്ട് അൽബിന്ദർ എക്സിൽ കുറിച്ചത്.
സ്പാനിഷ് ആചാരമാണ് ഇതിന് പിന്നിലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. മുന്തിരി കഴിച്ച് പുതുവർഷത്തെ സ്വീകരിച്ചാൽ ആ വർഷം നല്ല കാലമായിരിക്കുമെന്നാണ് സ്പാനിഷ് വിശ്വാസം. ഇതാണ് മുന്തിരിയുടെ ഓർഡർ ഇന്ത്യയിൽ പുതുവർഷ പുലരിയിൽ പെട്ടെന്ന് ഉയരാൻ കാരണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ പലരും സ്പാനിഷ് വിശ്വാസ പ്രകാരം ഇത്തരത്തിൽ മുന്തിരി ആചാരം പിന്തുടരുന്നുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
12 മുന്തിരികൾ 12 മാസങ്ങൾ... എന്നതാണ് കണക്ക്. പുതുവർഷം പുലരുമ്പോൾ 12 മുന്തിരികൾ കഴിക്കണമെന്നാണ് സ്പാനിഷ് വിശ്വാസം. ഏത് മുന്തിരി വേണമെങ്കിലും കഴിക്കാം, എന്നാൽ പച്ച നിറത്തിലുള്ള ഉരുണ്ട മുന്തിരിയാണ് ഏറ്റവും നല്ലതെന്നാണ് വിശ്വാസം. മുന്തിരി കഴിച്ചതിന് പിന്നാലെ അല്പം ഷാംപെയിനും അകത്താക്കും. ഇവ രണ്ടും കഴിക്കും മുമ്പ് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം ആഗ്രഹിക്കണമെന്നും അത് സംഭവിക്കുമെന്നുമാണ് സ്പാനിഷ് വിശ്വാസത്തിൽ പറയുന്നത്.
എന്നാൽ, സ്പെയിനിലെ മുന്തിരി കർഷകർ ഉത്പാദിപ്പിച്ച മുന്തിരി, അധികം വന്നപ്പോൾ അത് വിറ്റുപോകാൻ പ്രചരിപ്പിച്ച ഒരു കഥമാത്രമായിരുന്നു എന്ന ആരോപണങ്ങളും പലരും ഉന്നയിക്കുന്നുണ്ട്.
കാലക്രമേണ മുന്തിരി വിശ്വാസത്തിൽ പല മാറ്റങ്ങളും വന്നു. പുതുവർഷപ്പുലരിയിൽടേബിളിന് അടിയിൽ ഇരുന്ന് 12 മുന്തിരി കഴിക്കുകയാണെങ്കിൽ തങ്ങളുടെ പങ്കാളിയെ കണ്ടെത്താൻ സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. വരുന്ന 12 മാസങ്ങളിൽ ഇരുവർക്കുമിടയിൽ ശക്തമായൊരു സൗഹൃദം ഉണ്ടാകും, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറും... അങ്ങനെയങ്ങനെ വരും മാസങ്ങളിൽ സംഭവിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.
12 ഗ്രേപ് അണ്ടർ ദ ടേബിൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു. താരങ്ങൾ അടക്കം ഇത്തരത്തിൽ ടേബിളിനടിയിലിരുന്ന് മുന്തിരി കഴിക്കുന്നതിന്റെ വീഡിയോകൾ പങ്കുവെച്ചിരുന്നു. ഫിലിപ്പൈൻ നടി കാതറിൻ ബെനാഡോയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുണ്ട്.
പുതുവർഷ പുലരിയിൽ മുന്തിരിയുടെ ഓർഡർ വർധിക്കാൻ കാരണം, ഗ്രേപ് വൈനിനാണെന്നും കോക്ക്ടെയിൽ ഉണ്ടാക്കാൻ വേണ്ടിയാണെന്നുമുള്ള കമന്റുകളും കുറവല്ല.
മുന്തിരിക്കൊപ്പം തന്നെ രാജ്യത്ത് പുതുവർഷത്തലേന്ന് ഗർഭനിരോധന ഉറ, ലിപ്സ്റ്റിക്, ആലൂ ബുജിയ, ഐസ് ക്യൂബ്, ലൈറ്റർ, വെള്ളം, പുരുഷ അടിവസ്ത്രം, ഇനോ, പാൽ, ചിപ്സ്, ചോക്ലേറ്റ്, പനീർ... തുടങ്ങിയ വസ്തുക്കളും ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തുവെന്നാണ് റിപ്പോർട്ട്.