ഇതെന്തു ബട്ടർ ചിക്കൻ ? ഗോർഡൻ റാംസെയുടെ റെസിപ്പിയെ വിമർശിച്ച് ഭക്ഷണപ്രേമികൾ

പ്രശസ്ത ബ്രിട്ടീഷ് ഷെഫും ടി.വി താരവുമായ ഗോർഡൻ റാംസെയുടെ വീഡിയോകൾ സാമൂഹികമാധ്യമത്തിൽ വൈറലാകാറുണ്ട്. മിക്കപ്പോഴും മറ്റുള്ളവരുടെ റെസിപ്പികളെയും മറ്റും കളിയാക്കിയും വിമർശിച്ചുമൊക്കെയാണ് റാംസെ വീഡിയോകൾ തയ്യാറാക്കാറുള്ളത്. ചിലതെല്ലാമാകട്ടെ അൽപം കടന്നുപോകാറുമുണ്ട്. പക്ഷേ ഇപ്പോൾ കക്ഷി തയ്യാറാക്കിയ ഒരു വീഡിയോക്ക് പുറകെയാണ് പലരും വിമർശനവുമായി എത്തിയിരിക്കുന്നത്. ഗോർഡൻ റാംസെ തയ്യാറാക്കിയ ബട്ടർ ചിക്കൻ റെസിപ്പിയാണ് വിമർശനമേറ്റു വാങ്ങുന്നത്.
ഇന്ത്യക്കാരുടെ പ്രിയവിഭവമായ ബട്ടർ ചിക്കനിലാണ് ഗോർഡൻ റാംസെ പരീക്ഷണം നടത്തിയത്. എന്നാൽ സംഗതി ഭക്ഷണപ്രേമികളെ അത്ര ആകർഷിച്ച മട്ടില്ല. ബട്ടർ ചിക്കൻ തയ്യാറാക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് റാംസെ പങ്കുവെച്ചത്. ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും വഴറ്റിയതിനുശേഷം ഏതാനും പൊടികളും തക്കാളി വേവിച്ചുടച്ചതും ചേർത്ത് ചിക്കനും അതിലേക്ക് ഇട്ട് വേവിക്കുന്നതാണ് വീഡിയോയിലുള്ളത്. ശേഷം ഏതാനും മല്ലിയില കൂടി മുകളിൽ തൂവി വിളമ്പുന്നതും വീഡിയോയിലുണ്ട്.
എന്നാൽ വീഡിയോക്ക് കീഴെ നിരവധി പേർ റാംസെയെ വിമർശിച്ചെത്തി. ഇതിനെ ബട്ടർ ചിക്കൻ എന്ന് വിളിക്കാനാവില്ലെന്നു പറഞ്ഞ ചിലർ യഥാർഥ റെസിപ്പി വരെ പങ്കുവെച്ചു. ഗ്രേവിക്ക് ഉള്ളിയും തക്കാളിയും മസാലകളും അണ്ടിപ്പരിപ്പും മുളകുമാണ് എടുക്കുക എന്നാണ് അവർ പറയുന്നത്. ഇവ ഏതാനും മിനിറ്റ് വേവിച്ചതിനു ശേഷമാണ് പേസ്റ്റ് തയ്യാറാക്കുക എന്നും ശേഷം മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, വറുത്ത ഉലുവ, തൈര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് അത് ഗ്രേവിയിലേക്ക് ചേർത്ത് മുകളിൽ ബട്ടറുമിട്ടാൽ എളുപ്പത്തിൽ ബട്ടർ ചിക്കൻ തയ്യാറായി എന്നും കമന്റിലുണ്ട്.
ഇത് ബട്ടർ ചിക്കനല്ല മറിച്ച് ബട്ടർ ചിക്കനാണെന്ന് നടിക്കുന്ന ബ്രിട്ടീഷ് ഭക്ഷണമാണെന്നും ഇതു കാണുന്ന ബട്ടർ ചിക്കൻ പ്രേമികൾ കരയുന്നുണ്ടാവും എന്നുമൊക്കെ കമന്റുകളുണ്ട്.
ബട്ടർ ചിക്കൻ റെസിപ്പി
ചേരുവകള്‍
- ചിക്കന്‍ - ഒരു കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
- കാശ്മീരി മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
- സവാള - ഒന്ന്
- തക്കാളി - 2 എണ്ണം
- കശുവണ്ടി - 15
- വിനാഗിരി - അര ടീസ്പൂണ്‍
- പഞ്ചസാര -അര ടീസ്പൂണ്‍
- ഗരം മസാല - അരടീസ്പൂണ്‍
- ഫ്രഷ് ക്രീം - 1 ടേബിള്‍ സ്പൂണ്‍
- കസൂരി മേത്തി - ആവശ്യത്തിന്
- മല്ലിയില - ഒരു തണ്ട്
തയ്യാറാകുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കിയതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നീ ചേരുവകള്‍ പുരട്ടി അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യാനായി വെക്കുക. പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ ബട്ടര്‍ ഇട്ട് സവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിയും കശുവണ്ടിയും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ക്കാവുന്നതാണ്. തക്കാളി ഉടഞ്ഞു തുടങ്ങുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. മുളകുപൊടിയും ഗരം മസാലയും ചേര്‍ത്തു മസാലയുടെ പച്ചമണം മാറിയാല്‍ ഇറക്കി വെക്കുക. ഇത് ചൂടാറിയ ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. വീണ്ടും പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഫ്രൈ ചെയ്‌തെടുക്കുക. പകുതി ഫ്രൈ ആയി കഴിഞ്ഞാല്‍ മിക്‌സിയില്‍ അരച്ചെടുത്ത ഈ മിശ്രിതം ചേര്‍ക്കുക. ഇത് തിളച്ചു വരുമ്പോള്‍ മുകളിലായി ഫ്രഷ് ക്രീമും കസൂരി മേത്തിയും മല്ലിയിലയും വിതറികൊടുക്കാം. രുചികരമായ ബട്ടര്‍ ചിക്കന്‍ റെഡി
Content Highlights: gordon ramsay trolled by indians for making butter chicken