ദക്ഷിണേന്ത്യന്‍ രുചിതേടി ബെംഗളൂരുവിലെത്തി 'ഗെയിം ഓഫ് ത്രോണ്‍സ് താരം', വൈറലായി ചിത്രങ്ങള്‍

1. നിക്കൊളായ് വില്യം കോസ്റ്റര്‍ വാള്‍ദാവു ബെംഗളൂരുവിലെ കഫേയില്‍, 2. 'ഗെയിം ഓഫ് ത്രോണ്‍സ്' സീരിസിലെ രംഗം | Photo: Instagram
1. നിക്കൊളായ് വില്യം കോസ്റ്റര്‍ വാള്‍ദാവു ബെംഗളൂരുവിലെ കഫേയില്‍, 2. 'ഗെയിം ഓഫ് ത്രോണ്‍സ്' സീരിസിലെ രംഗം | Photo: Instagram

ദക്ഷിണേന്ത്യയിലെ തനതു രുചിക്ക് പേരുകേട്ട ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെത്തി ഭക്ഷണം കഴിക്കുന്ന 'ഗെയിം ഓഫ് ത്രോണ്‍സ് താരം' നിക്കൊളായ് വില്യം കോസ്റ്റര്‍ വാള്‍ദാവുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചെറുസംഘത്തോടൊപ്പം കഫേയിലെത്തിയ താരത്തിന്റെ അപ്രതീക്ഷിതമായ എന്‍ട്രി ആരാധകരെ ആവേശത്തിലാക്കി. 

കഫേയിലെത്തിയ താരത്തോടൊപ്പം ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഫേയ്ക്കകത്ത് ഒരുവശത്തായി തനിക്കൊപ്പമുള്ളവരോടൊത്ത് നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന നിക്കൊളായ്‌യുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ആരാധകരില്‍ ചിലര്‍ താരത്തോടൊപ്പം ഫോട്ടോ എടുക്കാനായി അഭ്യര്‍ഥിച്ചപ്പോള്‍ നിക്കൊളായ് കോസ്റ്റര്‍ വാള്‍ദാവു അത് സാധിച്ചുകൊടുത്തു. ഒപ്പം നിന്ന് വീഡിയോ എടുക്കാനും സമ്മതിച്ചു. ഇതാണിപ്പോള്‍ വൈറലായിരിക്കുന്നത്. സീരീസിന്റെ ആരാധകരായ ഒട്ടേറെപ്പേര്‍ പോസ്റ്റുകള്‍ക്ക് കമന്റുകള്‍ കുറിച്ചു. 

എച്ച്ബിഒ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ ജെയ്മി ലാനിസ്റ്റര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് നിക്കൊളായ് കോസ്റ്റര്‍ വാള്‍ദാവു അവതരിപ്പിച്ചത്. സീരീസില്‍ അസാധ്യ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇത് ലോകമെമ്പാടും നിക്കോളായ്ക്ക് ആരാധകരെ നേടിക്കൊടുത്തു. 

രാമേശ്വരം കഫേയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും നിക്കൊളായ് കോസ്റ്ററോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തേയും സംഘത്തേയും വരവേല്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അത് അവിസ്മരണീയമായിരുന്നെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. തനത് ദക്ഷിണേന്ത്യന്‍ രുചികള്‍ ആസ്വദിക്കാന്‍ തങ്ങളുടെ സ്ഥാപനം തിരഞ്ഞെടുത്തതില്‍ നന്ദിയും അറിയിച്ചുകൊണ്ടാണ് പോസ്റ്റ്. 
 

Content Highlights: Nikolaj William Coster-Waldau visits Banglore cafe