പഴത്തേക്കാള്‍ ഇഷ്ടം പഴച്ചാറാണോ?ജ്യൂസ് പ്രിയര്‍ക്ക് മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ്

ഫിറ്റ്‌നെസിനായും ചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായും പലരും തിരഞ്ഞെടുക്കുന്ന പാനീയമാണ് ഫ്രൂട്ട് ജ്യൂസ്. നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങളുടെ ഗുണം മുന്നില്‍കണ്ടാണ് പലരും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഫ്രൂട്ട് ജ്യൂസുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി മുന്നറിയിപ്പ് നല്‍കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ന്യൂട്രീഷനിസ്റ്റ് ഡോ. സിദ്ധാന്ത് ഭാര്‍ഗവ.
ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ തുടങ്ങിയ താരങ്ങളുടെ ഡയറ്റ് പ്ലാനിനു പിന്നിൽ ഡോ. ഭാര്‍ഗവയാണ്. ഫൂട്ട് ജ്യൂസിന് പകരം മുഴുവന്‍ പഴങ്ങള്‍ കഴിക്കാനാണ് ഡോ. ഭാര്‍ഗവ ശുപാര്‍ശ ചെയ്യുന്നത്.
പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍, അവയിലെ നാരുകള്‍ നഷ്ടപ്പെടുകയും പഞ്ചസാര മാത്രം അവശേഷിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ് നാരുകള്‍. എന്നാല്‍ അമിതമായി പഞ്ചസാര ചേര്‍ത്ത ജ്യൂസ് കുടിക്കുന്നത് ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഡോ ഭാർഘവ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പഴങ്ങളിൽ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. പഴങ്ങളായിത്തന്നെ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു ഓറഞ്ച് കഴിക്കുന്നത് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിനേക്കാള്‍ പോഷകപ്രദവും വയറു നിറയ്ക്കുന്നതുമാണ്.
ഫ്രൂട്ട് ജ്യൂസില്‍ പ്രത്യേകിച്ച് പാക്കേജ്ഡ് ജ്യൂസിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഒരു 250 മില്ലി ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 20-25 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ഒരു സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതിന് തുല്യമാണ്. പാക്കേജ്ഡ് ജ്യൂസുകളില്‍ അധിക പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ഉണ്ടാകാം, ഇത് കൂടുതല്‍ ഹാനികരമാണ്.
ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പല പഴങ്ങളും ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
Content Highlights: Celebrity Nutritionist Warns Against Fruit Juices