വിശപ്പുണ്ടോ, കൈവശം പണമില്ലേ... സ്വാഗതം ചെയ്ത് തൃശ്ശൂരിലെ ആബാ റെസ്റ്റൊറന്റും രാജേഷും

തൃശ്ശൂർ അഞ്ചേരിച്ചിറയിലെ ആബാ റസ്റ്റോറന്റിൽ രാജേഷ് ജോസ്
തൃശ്ശൂർ അഞ്ചേരിച്ചിറയിലെ ആബാ റസ്റ്റോറന്റിൽ രാജേഷ് ജോസ്

തൃശ്ശൂര്‍: കൂട്ടുകാരനെ സഹായിക്കാന്‍ വായ്പയെടുത്ത് നല്‍കിയതിന്റെ പേരില്‍ കിടപ്പാടം ജപ്തിയായപ്പോള്‍ രാജേഷ് ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും വിലയറിഞ്ഞതാണ്. കോവിഡ് രൂക്ഷമായി, മരിക്കുമെന്ന് !!ഡോക്ടര്‍മാര്‍ ഉറപ്പിച്ചതിനുശേഷം ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ ജീവന്റെ വിലയും മനസ്സിലാക്കി. കോവിഡ് മുക്തനായശേഷം ഹോട്ടലിലെത്തിയ രാജേഷ് മുന്നില്‍ ഒരു ബോര്‍ഡ് തൂക്കി, അതില്‍ ഇങ്ങനെ എഴുതി- വിശപ്പുണ്ടോ, പണമില്ലേ... ഇവിടേക്ക് വരൂ...

തൃശ്ശൂര്‍ അഞ്ചേരിച്ചിറയിലെ ആബാ റസ്റ്റോറന്റിന് മുന്നില്‍ മൂന്നുവര്‍ഷംമുന്പ് തൂക്കിയ ബോര്‍ഡ് ഇന്നും മാറ്റിയിട്ടില്ല. ഇതുവരെ അയ്യായിരത്തിലേറെപ്പേര്‍ക്ക് വയറുനിറയെ അന്നം നല്‍കിയ സ്ഥാപനം ഇപ്പോഴും അത് തുടരുന്നു. സ്വര്‍ണപ്പണിക്കാരനായിരുന്ന രാജേഷ് ജോസ് (44) ആറുവര്‍ഷംമുന്പാണ് അഞ്ചേരിച്ചിറയില്‍ ആബാ റസ്റ്റോറന്റ് ആരംഭിച്ചത്.

കൂട്ടുകാരന്റെ സാമ്പത്തികപ്രശ്‌നം മനസ്സിലാക്കി എടുത്തുനല്‍കിയ വായ്പയുടെ കുടിശ്ശിക 88 ലക്ഷമെത്തിയപ്പോള്‍ അഞ്ചേരിച്ചിറ മരിയാപുരത്തെ വീട് ജപ്തിയായി. അടുത്തുതന്നെ വാടകവീടെടുത്തു. സ്വര്‍ണപ്പണി അവസാനിപ്പിച്ചു. എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഹോട്ടല്‍ തുടങ്ങാന്‍ അമ്മ ആനിയും ഭാര്യ ലെനിയും നിര്‍ബന്ധിച്ചത്. ഹോട്ടല്‍ നല്ലനിലയില്‍ പോകുന്നതിനിടെ കോവിഡുകാലമെത്തി. കോവിഡ് പിടിപെട്ട് രാജേഷ് ഒമ്പതുദിവസം വെന്റിലേറ്ററില്‍ കിടന്നു. ഒന്നരമാസം വീട്ടിലും.

ജീവന്‍ തിരികെ കിട്ടി ഹോട്ടല്‍ ബിസിനസിലേക്ക് വീണ്ടുമിറങ്ങിയപ്പോള്‍ അയല്‍വാസിയായ ആന്റണി ഇഞ്ചുവടിക്കാരന്‍ ഹോട്ടലിലെത്തി 500 രൂപയിട്ട ഒരു കുടുക്ക നല്‍കിയിട്ട് പറഞ്ഞു ''വിശക്കുന്നവര്‍ക്ക് പണം വാങ്ങാതെ ഭക്ഷണം നല്‍കണം''. അന്നു തുടങ്ങിയതാണ് സൗജന്യ ഭക്ഷണം എന്ന മുടങ്ങാത്ത സേവനം. കുടുക്ക എന്നും നിറയാറുണ്ട്. മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണമില്ല. കാരണം മദ്യപാനത്തിന്റെ ദൂഷ്യം അനുഭവിച്ചിട്ടുണ്ട് രാജേഷ്. പാവപ്പെട്ട കിടപ്പുരോഗികള്‍ക്കും അനാഥര്‍ക്കും പാഴ്‌സല്‍ ഭക്ഷണം എത്തിച്ചുനല്‍കും. അന്‍സ, അന്ന, ഡോണ്‍ ബോസ്‌കോ എന്നിവരാണ് മക്കള്‍.

Content Highlights: free food abba resturant from thrissur, food