കൊളസ്‌ട്രോള്‍ കുറയ്ക്കണോ ; ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണങ്ങള്‍

representative image|photo:canva
representative image|photo:canva

നമ്മുടെ ഭക്ഷണരീതികളിലെ അശ്രദ്ധയും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം ജീവിതശൈലി രോഗങ്ങളിലേയ്ക്ക് നയിക്കുന്നു. ഇത്തരത്തില്‍ നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്.  കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, റെഡ് മീറ്റ്, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണമാണ് ഓട്‌സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇതിലുണ്ട്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയ ഇത് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും ഗുണം ചെയ്യും. 

അവക്കാഡോയും ഡയറ്റില്‍ പതിവാക്കാം. ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം വീതം കഴിക്കുന്നത് ഗുണം ചെയ്യും.

നട്‌സുകള്‍ കഴിക്കുന്നതും പതിവാക്കാം.വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്‌സുകള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകാരപ്രദമാണ്.

ആപ്പിള്‍, സ്‌ട്രോബെറി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മീനുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
 

Content Highlights: cholesterol,healthy diet,oats,fatty fish,apple,strawberries ,citrus fruits,food