ഭക്ഷ്യസംസ്കരണ വ്യവസായത്തിൽ കേരളം മുന്നിൽ; അടുത്ത സാമ്പത്തികവർഷം ചെറു ഭക്ഷ്യപാർക്കുകൾ സ്ഥാപിക്കും

കൊച്ചി: ഭക്ഷ്യസംസ്‌കരണ വ്യവസായത്തില്‍ കേരളം ഇതിനോടകം പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വര്‍ഷം 10 മിനി ഭക്ഷ്യപാര്‍ക്കുകള്‍ വികസിപ്പിക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'കേരള സ്പൈസ്' സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പൈസസ് ബോര്‍ഡും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) യും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ കിന്‍ഫ്ര (കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) സ്ഥാപിക്കുന്ന സ്പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജൂലായോടെ പൂര്‍ത്തിയാകുമെന്നും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും ഭക്ഷ്യസംസ്‌കരണ സംവിധാനങ്ങളുമാണ് സ്പൈസസ് പാര്‍ക്കിലുണ്ടാവുക. കഴിഞ്ഞ 180 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 60,667 സംരംഭങ്ങളില്‍ 9,652 എണ്ണം ഭക്ഷ്യ സാങ്കേതികവിദ്യാ മേഖലയിലേതാണെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍, സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജീമോന്‍ കോര, സി.ഐ.ഐ. കേരള സ്പൈസ് പാനല്‍ കണ്‍വീനര്‍ ചെറിയാന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
കൊച്ചി സുഗന്ധതൈലങ്ങളുടെ കേന്ദ്രം
സുഗന്ധവ്യഞ്ജന സംസ്‌കരണത്തില്‍ ആഗോള ഹബ്ബാണ് കേരളം. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപവത്കരിക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഭാവി സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തുന്നതിലും സംസ്ഥാനം മുന്നിലുണ്ട്.
രാജ്യത്തെ സുഗന്ധതൈലങ്ങളുടെ ഉത്പാദനത്തില്‍ 50-60 ശതമാനവും കേരളത്തിലാണ്. കൊച്ചി ഇതിന്റെ ഹബ്ബാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിലെ വ്യവസായവത്കരണ മികവുകള്‍ കാണിക്കുന്ന ഇത്തരം നേട്ടങ്ങള്‍ക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സി.ഐ.ഐ. മുന്‍കൈയെടുക്കണമെന്നും പി. രാജീവ് പറഞ്ഞു.
Content Highlights: food processing, mini food parks, food