ചെറുധാന്യവും മത്സ്യവും അടങ്ങിയ ബിസ്‌കറ്റുമായി സിഫ്റ്റ്

ചെറുധാന്യവും മത്സ്യവും അടങ്ങിയ ബിസ്‌കറ്റ്‌|photo:mathrubhumi
ചെറുധാന്യവും മത്സ്യവും അടങ്ങിയ ബിസ്‌കറ്റ്‌|photo:mathrubhumi

തോപ്പുംപടി: ചെറുധാന്യങ്ങളും മത്സ്യവും ചേര്‍ത്ത് രുചികരമായ ബിസ്‌കറ്റുകളൊരുക്കുകയാണ് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനമായ സിഫ്റ്റ്. ചെറുധാന്യങ്ങളുടെ സാധ്യതകളും പോഷക ഗുണവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സിഫ്റ്റിന്റെ നേതൃത്വത്തില്‍ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്.

മത്സ്യ പ്രോട്ടീന്‍ കൂടി ചേര്‍ത്ത് പോഷക ഗുണമുള്ള ഭക്ഷ്യവിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സിഫ്റ്റ് ശ്രമിക്കുന്നത്. കുക്കീസുകള്‍, ഫിഷ്മി സോസേജുകള്‍, മഫിന്‍സ്, നഗ്ഗറ്റ്സ് എന്നിവയാണ് സിഫ്റ്റിലെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സിഫ്റ്റിലെ ഫിഷ് പ്രോസസിങ് വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജെ. ബിന്ദു, ഡോ. എസ്. രമ്യ, ഡോ. കെ. ഇളവരശന്‍, ഡോ. പി. വിജി, ഡോ. കെ. സരിക എന്നിവരുടെ നേതൃത്വത്തിലാണ് ഇവ വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സംഘടന ചെറുധാന്യ വര്‍ഷമായി ആചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍ സിഫ്റ്റ് രംഗത്തെത്തിയത്. മത്സ്യം കൂടി ചേര്‍ക്കുന്നതോടെ, ഇവയുടെ പോഷക ഗുണം ഇരട്ടിയാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

Content Highlights: fish biscuit ,cift,food,fish,fish product