വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുടമകൾക്ക്; ഭക്ഷണവില കൂട്ടിയെന്ന് വ്യാജപ്രചാരണം

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ആലപ്പുഴ: ‘ചായ -14 രൂപ. കാപ്പി -15. ബ്രൂ കാപ്പി -30. പൊറോട്ട -15’. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വെച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഹോട്ടൽഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാൽ, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

ഭക്ഷണവില കൂട്ടിയെന്നു കരുതി സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷൻ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിതു ചെയ്തതെന്നു വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകൾക്കാണെന്ന് കോടതി ഉത്തരവുള്ളതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഓരോ ഹോട്ടലിലെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് അതു നിശ്ചയിക്കാറ്. സംഘടനയ്ക്ക് അതിൽ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയുംവെച്ച് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ പാടില്ലെന്നുമുണ്ട് -ഭാരവാഹികൾ പറഞ്ഞു.

Content Highlights: False propaganda that food prices have increased