മട്ടനും ചിക്കനും ചേര്‍ത്ത് പാനിപ്പൂരി; തൈരും ചോക്‌ളേറ്റും ചേര്‍ത്ത് വേറെയും പരീക്ഷണം

photo|twitter.com/MasalaBai
photo|twitter.com/MasalaBai

വഴിയോരഭക്ഷണങ്ങളില്‍ പാനിപ്പൂരി ഒരു രാജാവാണ്. അത്രയധികം ആരാധകരുള്ള ഒരു ഭക്ഷണമാണിത്. ഇന്ത്യയുടെ ഏത് ഭാഗത്തും വഴിയോരഭക്ഷണമായി ഇത് കിട്ടും. എരിവും മധുരവും പുളിയെല്ലാം ചേര്‍ന്ന രുചിയുള്ള ഇതിനോടുള്ള ഇഷ്ടം അത്ര വേഗത്തിലൊന്നും ഇല്ലതാകില്ല. 'ഗോള്‍ഗപ്പ'യെന്ന പേരിലും പാനിപ്പൂരി എല്ലാവര്‍ക്കും സുപരിചിതമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകളും വൈറലാകുന്നത് പതിവാണ്. പാനിപ്പൂരിയില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്കും കണക്കില്ല. വിചിത്രമായ കോമ്പിനേഷനുകളുമായി നിരവധി വഴിയോരകച്ചവടക്കാരാണ് പാനിപ്പൂരി വില്‍ക്കുന്നത്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

എല്ലായ്‌പ്പോഴും പാനിപ്പൂരി കഴിക്കാറുണ്ടെങ്കിലും നോണ്‍വെജ് പാനിപ്പൂരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?  അത്ര പരിചിതമല്ലാത്ത ഈ വിഭവം പശ്ചിമബംഗാളിലെ ചാട്ട്‌ഷോപ്പിലാണ് ലഭിക്കുന്നത്. മട്ടന്‍,ചിക്കന്‍, കൊഞ്ച് മുതലായവ കൊണ്ടെല്ലാം ഉണ്ടാക്കുന്ന പാനിപ്പൂരി വെറൈറ്റികള്‍ ഇവിടെ ലഭിക്കും. ഇവിടെത്തെ മെനു തന്നെ പലതരത്തിലെ വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.  മട്ടണ്‍ പുച്ച, പ്രോണ്‍ പാനിപ്പൂരി, മീന്‍ കൊണ്ടുള്ള പാനിപ്പൂരി തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. അനാര്‍ ജമാദര്‍ എന്ന വ്യക്തിയാണ് ഈ വ്യത്യസ്ത ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്സ്റ്റാള്‍ നടത്തുന്നത്. ട്വിറ്ററിലാണ് ഈ ഭക്ഷണശാലയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായത്. 

ഇത് കൂടാതെ ചോക്‌ളേറ്റ് പാനിപ്പൂരി, തൈര് പാനിപ്പൂരിയുമെല്ലാം ലഭിക്കും.സംഭവം വൈറലായതോടെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ചിലര്‍ അനുകൂലിച്ചും മറ്റു ചിലര്‍ പ്രതികൂലിച്ചും കമന്റുകളിട്ടുട്ടുണ്ട്. ഇതെങ്ങനെ കഴിക്കുമെന്നും ഒട്ടുതന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇത് കഴിച്ചുനോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും കമന്റുകള്‍ വന്നിട്ടുണ്ട്.
 

Content Highlights: Non-Veg Pani Puri,pani puri,Bengali food,'Chicken Puchka,food,street food