ദീപിക പദുകോണിന് പ്രിയപ്പെട്ട 'എമ ദാത്ഷി'; മുട്ട ചേർത്ത് പരീക്ഷിച്ചാലോ ഈ ഭൂട്ടാനി വിഭവം?

ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഭൂട്ടാനിലെ പരമ്പരാഗത ഭക്ഷണമായ എമ ദാത്ഷി. കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന, എരിവും ക്രീമി സ്വാദും ഒത്തുചേരുന്ന ഒന്നാണ് ഈ രുചി. ഇപ്പോൾ വിഭവത്തിന്റെ മുട്ട ചേർത്തുകൊണ്ടുള്ള വകഭേദമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. @cookwithsu_. എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച റെസിപ്പിയാണ് ശ്രദ്ധനേടുന്നത്.
എന്താണ് എമ ദാത്ഷി?
എമ എന്നാൽ മുളക് എന്നും ദാത്ഷി എന്നാൽ ചീസ് എന്നുമാണ് അർത്ഥം. നല്ല എരിവുള്ള പച്ചമുളകും ചീസും ചേർത്താണ് ഇവ സാധാരണയായി ഉണ്ടാക്കുന്നത്. ഇതിലേക്ക് മുട്ട കൂടെ ചേർക്കുന്നതോടെ വിഭവം കൂടുതൽ പോഷകസമൃദ്ധവും രുചികരവുമായി മാറുന്നു.
എഗ്ഗ് എമ ദാത്ഷി: തയ്യാറാക്കുന്ന വിധം
ചേരുവകൾ:
മുട്ട
ചീസ് സ്ലൈസുകൾ
പച്ചമുളക് (നീളത്തിൽ കീറിയത്)
വെളുത്തുള്ളി (അരിഞ്ഞത്)
ബട്ടർ
ഉപ്പ്, കുരുമുളക് പൊടി
തയ്യാറാക്കുന്ന രീതി:
ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് കീറി വെച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് വഴറ്റുക.
അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ശേഷം ചീസ് സ്ലൈസുകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചീസ് പൂർണ്ണമായും ഉരുകി കഴിയുമ്പോൾ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വാങ്ങിവെക്കാം.
മറ്റൊരു പാനിൽ അല്പം ബട്ടർ ഒഴിച്ച് മുട്ട ഉടച്ചൊഴിക്കുക. ഇതിനു മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന ചീസ്-മുളക് മിശ്രിതം ഒഴിക്കുക.
മുട്ട പാകമാകുന്നത് വരെ വേവിച്ച് ചൂടോടെ വിളമ്പാം.
എരിവ് ക്രമീകരിക്കാം
സാധാരണയായി എരിവ് കൂടിയതാണ് ഈ വിഭവം. എരിവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുളകിന്റെ എണ്ണം കുറയ്ക്കുകയോ അല്ലെങ്കിൽ കൂടുതൽ ചീസ് ചേർത്ത് എരിവിനെ ബാലൻസ് ചെയ്യുകയോ ചെയ്യാം.
ഭൂട്ടാനിൽ എമ ദാത്ഷി സാധാരണയായി ചോറിനൊപ്പമാണ് വിളമ്പുന്നത്. എന്നാൽ ചപ്പാത്തിക്കോ അപ്പത്തിനോ ഒപ്പവും ഇത് മികച്ചൊരു കോമ്പിനേഷനാണ്.
Content Highlights: Traditional Bhutanese dish made with chili and cheese, New viral variation incorporating eggs for added nutrition