അരിജിത് സിങിന്റെ ജന്മനാട്ടിൽ ലസ്സി രുചി ആസ്വദിച്ച് എഡ് ഷീരൻ

ബ്രിട്ടീഷ് പോപ്പ് സംഗീതജ്ഞനും ഗ്രാമി പുരസ്കാരജേതാവുമായ എഡ് ഷീരൻ ജനുവരി 30 മുതൽ ഇന്ത്യൻ പര്യടനത്തിലാണ്. പ്രശസ്ത ഇന്ത്യൻ ഗായകൻ അരിജിത് സിങിന്റെ ജന്മനാടായ പശ്ചിമ ബംഗാളിലെ ജിയാഗഞ്ചും എഡ് ഷീരൻ സന്ദർശിച്ചിരുന്നു. എഡും സിങും ഒന്നിച്ച് ഒരു സ്കൂട്ടറിൽ ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ജിയാഗഞ്ചിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്. എഡ് ഷീരൻ ഒരു ചെറിയ കടയിൽ നിന്ന് ലസ്സി കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "എഡ് ഷീരൻ ബംഗാളിൻ്റെ മധുരം ആസ്വദിക്കുമ്പോൾ - ജിയാഗഞ്ചിലെ ഒരു ലസ്സി നിമിഷം!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഷീരനൊപ്പം സുഹൃത്തുക്കളുമുണ്ട്. സന്തോഷ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയാണ് എല്ലാവരും. ഇതിനിടയിൽ കടക്കാരൻ ലസ്സി ഗ്ലാസ് ഷീരനുനേരെ നീട്ടുന്നു. താരം അത് സന്തോഷത്തോടെ വാങ്ങുകയും നന്ദി സൂചകമായി തലയാട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
Content Highlights: Ed Sheeran enjoying lassi at a small shop in Jiaganj, West Bengal.