ദീപികയെ കീഴടക്കിയ മിറാക്കിള്‍ നൂഡില്‍സ്, രുചിക്കൊപ്പം ആരോഗ്യഗുണങ്ങളും, കൂടുതലറിയാം

Photo: www.instagram.com/deepikapadukone, AI Generated Image
Photo: www.instagram.com/deepikapadukone, AI Generated Image

മിറാക്കിള്‍ നൂഡില്‍സ് എന്നറിയപ്പെടുന്ന ഒരു രുചികരമായ വിഭവത്തിന്റെ ആരാധികയായിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. പലതരം നൂഡില്‍സ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആകൃതിയിലും ചേരുവകളിലും മാറ്റമുള്ള ഇവ ഓരോന്നിനും തനത് രുചികളും ഉണ്ടാവാറുണ്ട്. എന്നാല്‍ മിറാക്കിള്‍ നൂഡില്‍സിനെ കുറിച്ച് ചിലപ്പോള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഷിരാടാക്കി നൂഡില്‍സ് എന്ന് പേരുള്ള ഈ വിഭവത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. അതുകൊണ്ടാണ് മിറാക്കിള്‍ നൂഡില്‍സ് എന്ന് വിളിക്കപ്പെടുന്നത്. ദീപിക അതിന്റെ ആരാധികയായതിന് കാരണവും മറ്റൊന്നല്ല. എരിവുള്ള സോസിനൊപ്പം ഈ നൂഡില്‍സ് കഴിക്കാനാണ് ദീപികയ്ക്കിഷ്ടം. 'ഷിരാടാക്കി' എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ 'വെളുത്ത വെള്ളച്ചാട്ടം' എന്നാണ് അര്‍ത്ഥം. അര്‍ധസുതാര്യമായ നിറമുള്ള ഈ നൂഡില്‍സ് കാഴ്ചയില്‍ തന്നെ വേറിട്ടതാണ്. ഇതിനെ കുറിച്ച് കൂടുതലറിയാം.

കോംജാക്

നമ്മുടെ നാട്ടിലെ ചേനയുടെ കുടുബത്തില്‍ പെട്ടൊരു സസ്യമുണ്ട് 'കോംജാക്' (Komjac). ജപ്പാനിലും, ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇതിന് വലിയ പ്രചാരമുണ്ട്. പലതരം വിഭവങ്ങളായി ഇത് തീന്‍മേശയില്‍ എത്താറുണ്ട്. അതിന്റെ കിഴങ്ങില്‍ നിന്ന് നിര്‍മിക്കുന്ന പൊടി ഗ്ലൂക്കോമാന്നന്‍ ഫ്‌ളോര്‍ എന്നും അറിയപ്പെടുന്നു. വലിയ അളവില്‍ നാരുകളടങ്ങിയ ഈ പൊടി ഉപയോഗിച്ചാണ് ഷിരാടാക്കി നൂഡില്‍സ് നിര്‍മിക്കുന്നത്. വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഷിരാടാക്കി നൂഡില്‍സില്‍ 97 ശതമാനം ജലാംശവും 3 ശതമാനം ഗ്ലൂക്കോമാനന്‍ പൊടിയും അടങ്ങിയിരിക്കുന്നു. ഇതില്‍ കലോറി കുറവാണ്, ദഹിക്കാത്ത കാര്‍ബോ ഹൈഡ്രേറ്റും ഇല്ല. ഗ്ലൂക്കോമാനന്‍ പൊടി, സാധാരണ വെള്ളം, ഒരല്‍പം നാരങ്ങ എന്നിവ കൂട്ടിക്കുഴച്ച മാവ് ഉപയോഗിച്ചാണ് ഷിരാടാക്കി നിര്‍മിക്കുന്നത്. അരി രൂപത്തിലും നൂഡില്‍സ് രൂപത്തിലും ഈ മാവ് മാറ്റാറുണ്ട്.

മിറാക്കിള്‍ നൂഡില്‍സിന്റെ ആരോഗ്യ ഗുണങ്ങള്‍

ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നു: ഷിരാടാക്കി നൂഡില്‍സില്‍ ജലത്തെ ആഗിരണം ചെയ്യുന്ന ഗ്ലൂക്കോമാനന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, അവ ദഹനത്തെ മന്ദഗതിയിലാക്കുകയും വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: നല്ല രുചിക്കൊപ്പം, ഷിരാടാക്കി നൂഡില്‍സ് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് അനുയോജ്യമാണ്. വയറു നിറഞ്ഞതായി തോന്നുന്നതിന്റെ ഫലമായി, നിങ്ങള്‍ കുറച്ച് കഴിക്കുകയും ലഘുഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു: കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനൊപ്പം ഷിരാടാക്കി നൂഡില്‍സ് കഴിക്കുമ്പോള്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും.

മലബന്ധം ഒഴിവാക്കുന്നു: ദഹനം സുഗമമായി നടക്കുന്നതിനാലും ഫൈബര്‍ ധാരാളമായി അടങ്ങിയതിനാലും ഷിരാടാക്കി നൂഡില്‍സ് കഴിക്കുന്നതുവഴി മലബന്ധം കുറയും.

ദീപികയ്ക്ക് ഇഷ്ടപ്പെട്ട ‘മിറാക്കിൾ നൂഡിൽസ്’

സെലിബ്രിട്ടി ഷെഫ് ആയ ഹര്‍ഷ് ദിക്ഷിത് ആണ് ദീപിക പദുകോണിന്‍റെയും   ആലിയ ഭട്ടിന്‍റെയും ഷിരാടാക്കി നൂഡില്‍സിനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും വേണ്ടി തന്റെ പ്രത്യേക ശൈലിയില്‍ ഷിരാടാകി നൂഡില്‍സ് ഉപയോഗിച്ചുള്ള റാമെന്‍ നിര്‍മിച്ചു നല്‍കിയിരുന്നുവെന്നും ഹര്‍ഷ് പറഞ്ഞു. ദീപികയ്ക്കായി ക്ലാസിക് ആല്‍ക്കലൈന്‍ നൂഡില്‍സും ഷിരാടാക്കി നൂഡില്‍സും ഉപയോഗിച്ച് നിര്‍മ്മിച്ച ഷിയോ താരെ (ലൈറ്റ്, ക്ലിയര്‍), ടോറി പൈതന്‍ (റിച്ച്, ക്രീമി) എന്നീ രണ്ട് ബ്രോത്തുകളാണ് ഹര്‍ഷ് പാകം ചെയ്തത്. ഒട്ടും കലോറിയില്ലാത്ത അതിനെ അവര്‍ മിറാക്കിള്‍ നൂഡില്‍സ് എന്ന് വിളിച്ചു. ദീപികയ്ക്ക് കുടുതല്‍ എരിവുള്ളതാണ് ഇഷ്ടമെന്നും ഹര്‍ഷ് പറഞ്ഞു.

Content Highlights: Bollywood star Deepika Padukone is a fan of 'Miracle Noodles' (Shirataki), known for their low calorie and high fiber content.