ചേരുവകൾ കുറവാണെന്ന പരാതിയാണോ? ചോളം കൊണ്ട് തയ്യാറാക്കാവുന്ന ഈസി സാലഡ് റെസിപ്പി

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഡയറ്റ് ആരോഗ്യകരമാക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞാല്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ക്കായുളള തിരച്ചിലാകും പീന്നീട്. ഇത്തരക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളവയാണ് സാലഡുകള്‍. ആവശ്യാനുസരണം പച്ചക്കറികളും പഴങ്ങളും മറ്റ് പോഷാകാഹാരങ്ങളും ചേര്‍ത്ത് അവരവരുടെ സ്വാദിനനുസരിച്ച് തയ്യാറാക്കാം എന്നതാണ് സാലഡുകളെ ജനപ്രിയമാക്കുന്നത്.  

സീസണല്‍ ഫ്രൂട്ട്‌സ് (ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് വിപണിയില്‍ ലഭിക്കുന്ന പഴങ്ങള്‍) കൊണ്ട് സാലഡുകള്‍ ഉണ്ടാക്കുന്നതാണ് ഉചിതം. വിപണിയിൽ സുലഭമായ ചോളം കൊണ്ട് ഒരു സാലഡ് തയ്യാറാക്കിയാലോ? വിറ്റാമിന്‍, മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍,മറ്റ് ധാതുക്കള്‍ അങ്ങനെ പോഷകങ്ങളുടെ കലവറായണ് ചോളം. 

ചേരുവകള്‍

ചോളം - അടര്‍ത്തിയെടുത്തത്
ചെറി ടൊമാറ്റോ
കുക്കുമ്പര്‍
സവോള
ഫെറ്റ ചീസ്
പാഴ്സ്ലി അല്ലെങ്കില്‍ ബേസില്‍ ലീവ്സ്
ഒലിവ് ഓയില്‍/ സണ്‍ഫ്‌ളവര്‍ ഓയില്‍
വിനാഗിരി
നാരങ്ങാ നീര്
തേന്‍/പഞ്ചസാര
വെളുത്തുള്ളി - 1/4 ടീസ്പൂണ്‍
ഉപ്പ്
കുരുമുളക് പൊടി

തയ്യാറാക്കുന്ന വിധം

സാലഡിനായുള്ള ഡ്രെസ്സിങ് ആദ്യം തയ്യാറാക്കാം. ഒരു ബൗളിലേക്ക് സാലഡിനായി തിരഞ്ഞെടുക്കുന്ന എണ്ണ (ഒലീവ് ഓയില്‍/ സണ്‍ഫ്‌ളവര്‍ ഓയില്‍), വിനാഗിരി, നാരങ്ങാ നീര്, തേന്‍, വെളുത്തുളളി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യാം.

ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറില്‍ വെക്കേണ്ടതില്ല. വേവിച്ച ശേഷം അടര്‍ത്തിയ കോണ്‍ തണുത്ത വെള്ളത്തിലിട്ട് തണുപ്പിച്ച് ശേഷം അരിച്ചെടുക്കാം. 

തയ്യാറാക്കി വെച്ചിരിക്കുന്ന ചോളത്തിലേക്ക് ചെറുതായരിഞ്ഞ തക്കാളി, കുക്കുമ്പര്‍, സവോള, ഫീറ്റ ചീസ്, പാഴ്സ്ലി, ബേസില്‍ ലീവ്സ് എന്നിവ ചേര്‍ക്കാം. ഇവ നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് ഫ്രിഡ്ജില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രെസ്സിങ് ഒഴിക്കാം. ഇത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം. ഇതിലേക്ക് ആവശ്യത്ത് ഉപ്പ് ചേര്‍ക്കാം. 

രുചിക്കനുസരിച്ച് ചോളം ആവിയില്‍ പുഴുങ്ങുന്നതിനു പകരം ഗ്രില്‍ ചെയ്തും സാലഡില്‍ ഉപയോഗിക്കാവുന്നതാണ്. വേവിച്ച വെള്ളക്കടലയും സാലഡില്‍ ചേര്‍ക്കാവുന്നതാണ്. ക്രിസ്പിയായ ചോളമാണ് താത്പര്യമെങ്കില്‍ വേവിക്കാതെയും ഉപയോഗിക്കാവുന്നതാണ്. ഡ്രെസ്സിങ് ചേര്‍ത്ത ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ വിളമ്പാന്‍ ശ്രദ്ധിക്കാം. 

സാലഡുകൾ സ്ഥിരമായി തയ്യാറാക്കാൻ താത്പര്യമുള്ളവരാണെങ്കിൽ ചെറി ടൊമാറ്റോ, ഫെറ്റ ചീസ്, പാഴ്സ്ലി, ബേസിൽ ലീവ്സ്, ഒലീവ് ഓയിൽ പോലുള്ളവ സൂക്ഷിക്കുന്നത് ഉചിതമാണ്. 


 

Content Highlights: Seasonal Corn Salad: A Nutritious and Easy-to-Make Recipe