ബിജെപി എംപിക്ക് കോണ്‍ഗ്രസ് അയച്ച ആ ദോശ ആരു കഴിച്ചു?; കര്‍ണാടക രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ച

തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: twitter/ tejasvi surya
തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: twitter/ tejasvi surya

കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ദോശയാണ്. ആര് ആരുടെ ദോശ തട്ടിയെടുത്തു എന്നതാണ് ചോദ്യം. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളും സജീവമാകുകയാണ്. 

ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍ മുങ്ങുമ്പോള്‍ ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.  പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് തേജസ്വി മസാല ദോശ കഴിക്കുന്നതും ഇവിടം സന്ദര്‍ശിക്കണമെന്ന് ആളുകളോട് പറയുന്നതുമാണ് ഈ വീഡിയോയിലുള്ളത്.

ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കാള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്‌സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ദോശ തനിക്കിതുവരെ കിട്ടിയില്ലെന്നും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു ദോശ പോലും കൃത്യമായി എത്തിക്കാന്‍ കഴിയാത്തവരാണ് നല്ല ഭരണത്തെ കുറിച്ച് സ്വപ്‌നം കാണുന്നതെന്നും തേജസ്വി ട്വീറ്റ് ചെയ്തു. 

ഇതിന് മറുപടി ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് തേജേഷ് കുമാറും രംഗത്തെത്തി. 'ദോശ കൃത്യമായി ഔദ്യോഗിക അഡ്രസില്‍ തന്നെയാണ് അയച്ചിരിക്കുന്നത്. നാല്‍പത് ശതമാനം അഴിമതി നടക്കുന്ന ഗവണ്‍മെന്റില്‍ അത് ഇപ്പോള്‍ നൂറു ശതമാനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദോശ താങ്കളുടെ ഓഫീസിലെ ആരെങ്കിലും കഴിച്ചു കാണും.' തേജേഷ് കുമാര്‍ ട്വീറ്റിലൂടെ മറുപടി നല്‍കി.
 

Content Highlights: congress on saturday sent ten parcels of masala dosas to bjp leader tejasvi surya