ഓറഞ്ച്, ചോക്ലറ്റ്, ബട്ടർ പ്ലം കെയ്ക്കിലും ന്യൂജൻസ് തരംഗം; ഉണർന്ന് കെയ്ക്ക് വിപണി

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരംപകരാൻ ഇത്തവണയും കെയ്ക്ക് വിപണി ഉണർന്നു. കെയ്ക്കുകൾ പലവിധമുണ്ടെങ്കിലും ക്രിസ്മസിന് ഇപ്പോഴും പ്ലംകെയ്ക്ക് തന്നെയാണ് താരം. പ്ലം കെയ്ക്കിൽത്തന്നെ വ്യത്യസ്ത രുചികളും വൈവിധ്യങ്ങളും പരീക്ഷിക്കുകയാണ് ബേക്കറികൾ.
പ്ലം കെയ്ക്ക്, റിച്ച് പ്ലം കെയ്ക്ക്, റോയൽ ഐസ് കെയ്ക്ക് എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ക്രിസ്ത്യൻകോളേജിനടുത്തുള്ള റീഗൽ ബേക്സിലെ എം.എൻ. ബാബു പറഞ്ഞു.
പ്ലം കെയ്ക്കിൽ ഇത്തവണ ഓറഞ്ച്, ചോക്ലറ്റ്, ബട്ടർ രുചികൾ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. പഞ്ചസാര വേണ്ടാത്തവർക്ക് ശർക്കര ചേർത്ത ജാഗിരി പ്ലം കെയ്ക്കും ഇത്തവണയുണ്ട്.
ഡ്രൈം ഫ്രൂട്ട്, കാരറ്റ്, ബനാന തുടങ്ങിയവയാണ് പ്ലംകെയ്ക്കിലെ പ്രിയപ്പെട്ട മറ്റു രുചികൾ. കിലോയ്ക്ക് 600 രൂപ മുതലാണ് പ്ലംകെയ്ക്കുകൾക്ക് വില തുടങ്ങുന്നത്. റിച്ച് പ്ലം കെയ്ക്കിന് 1000 രൂപയാണ്. പഞ്ചസാരയുടെ കോട്ടിങ്ങുള്ള പഴയരീതിയിലുള്ള റോയൽ ഐസ് കെയ്ക്കിന് കിലോയ്ക്ക് 600 രൂപയാണ്.
ക്രിസ്മസ് ആശംസയും പൂക്കളും മണികളുംകൊണ്ട് അലങ്കരിച്ച വിവിധ കെയ്ക്കുകൾകൊണ്ട് ബേക്കറികളുടെ അലമാരകൾ നിറഞ്ഞിട്ടുണ്ട്. പുതുവത്സരാഘോഷംകൂടി വരുന്നതോടെ കെയ്ക്കുവിപണി ഇനി കൂടുതൽ സജീവമാകും.
Content Highlights: Explore the vibrant Kozhikode cake market this Christmas! Discover festive plum cakes with exciting new flavors like orange, chocolate, and butter, plus sugar-free options.