10 മണിക്കൂര്‍ ജോലി, ക്ഷീണിച്ച് അവശനായി; പൊട്ടിക്കരഞ്ഞ് ഡെലിവറി ജീവനക്കാരന്‍, വീഡിയോ വൈറല്‍

ജോലിഭാരംമൂലം പൊട്ടിക്കരഞ്ഞ് ചൈനയിലെ ഭക്ഷണ വിതരണ ജീവനക്കാരന്‍. ഇതിന്റെ ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഠിനമായ ജോലി ശാരീരികവും വൈകാരികവുമായ ആഘാതത്തിലേക്ക് നയിക്കുന്നത് എങ്ങനെയാണെന്നാണ് ഈ വീഡിയോ കാണിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള ഡെലിവറി യൂണിഫോമും ഹെല്‍മെറ്റും ധരിച്ച ഡെലിവറി ജീവനക്കാരന്‍ തന്റെ ദൈനംദിന ജീവിതത്തിലെ തളര്‍ത്തുന്ന യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് തേങ്ങിക്കരയുന്നത്. ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുന്നതിനാല്‍ താന്‍ എല്ലാ ദിവസവും ക്ഷീണിതനാണെന്നും വിശ്രമിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും അദ്ദേഹം പറയുന്നു.
'ദിവസവും 10 മണിക്കൂര്‍ ഭക്ഷണം വിതരണം ചെയ്യുന്നു. ക്ഷീണിച്ച് അവശനായാണ് അത് ചെയ്യുന്നത്. ഒരു നിമിഷം പോലും ഉഴപ്പാന്‍ എനിക്ക് ധൈര്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ ജീവിതം ഒഴിഞ്ഞ വയറു നല്‍കി എന്നെ ശിക്ഷിക്കും. എനിക്ക് എങ്ങനെ ഉത്കണ്ഠ തോന്നാതിരിക്കും?. എനിക്ക് ഒരവസരം കൂടി ലഭിച്ചാല്‍ ചെറുപ്പത്തില്‍ പഠനം നിര്‍ത്തുന്നതിന് പകരം ഞാന്‍ തീര്‍ച്ചയായും കഠിനാധ്വാനം ചെയ്ത് പഠിക്കുമായിരുന്നു.' കരഞ്ഞുകൊണ്ട് അദ്ദേഹം സംസാരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് ദീര്‍ഘനേരം ജോലി ചെയ്യേണ്ടിവരികയും കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവരികയും ചെയ്യുന്നുണ്ടെന്നാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ആളുകള്‍ പൊതുവെ വിലകുറഞ്ഞ ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്യുന്നത്. അത് ജീവനക്കാരുടെ വരുമാനം കുറയ്ക്കുന്നു. ഭൂരിഭാഗം പേരും കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ വരുമാനം നിലനിര്‍ത്താന്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
രണ്ട് പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ ആധിപത്യം കരാര്‍ വ്യവസ്ഥകള്‍ ജീവനക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അവരെ സഹായിക്കുന്നു. ഇത് മോശമാകുന്ന തൊഴില്‍ സാഹചര്യങ്ങളെ എതിര്‍ക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കാത്ത അവസ്ഥയുണ്ടാക്കുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.
കര്‍ശനമായ ലോക്ക്ഡൗണ്‍ കാരണം ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കോവിഡ് കാലത്ത് അവരെ സഹായിക്കുന്നതില്‍ ഈ തൊഴിലാളികള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ രാജ്യത്തെ ഭക്ഷണ സംസ്‌കാരത്തിന്റെ ഒരു ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഭക്ഷണം എത്തിക്കുന്നതിനായി തിരക്കേറിയ റോഡുകളിലൂടെയും അജ്ഞാതമായ ഇടവഴികളിലൂടെയും അവര്‍ സഞ്ചരിക്കുന്നു.
കനത്ത മഴയിലോ ശക്തമായ ചുഴലിക്കാറ്റിലോ പോലും ചിലര്‍ ജോലി നിര്‍ത്താറില്ല. ലോകത്തിലെ ഏറ്റവും വലിയ ടേക്ക്ഔട്ട് ഡെലിവറി വിപണി ചൈനയുടേതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കൃത്യസമയത്ത് ഡെലിവറി പൂര്‍ത്തിയാക്കാന്‍ തൊഴിലാളികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. അമിതവേഗതയില്‍ സഞ്ചരിക്കാനോ റെഡ് ലൈറ്റ് മറികടക്കാനോ നിയമങ്ങള്‍ ലംഘിക്കാനോ പോലും അവര്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.