കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ചൈനീസ് റസ്റ്ററന്റിലെ സ്പെഷ്യൽ ഐറ്റം

#Food Desk
Photo: mp.weixin.qq.com via scmp
Photo: mp.weixin.qq.com via scmp

കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടയ്ക്കൊപ്പം അമേരിക്കാനോ കോഫി വില്പനയ്ക്കെത്തിച്ച് ചൈനയിലെ ഒരു കോഫി ഷോപ്പ്. ഔഷധഗുണമുണ്ടെന്ന് പറഞ്ഞാണ് ഇത് രംഗത്തിറക്കിയത്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഡോങ്‌യാങ് നഗരത്തിലെ കടയിലാണ് ഈ പാനീയം വിൽപനയ്ക്കെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നൂറിലധികം കപ്പുകൾ ഇത് വിറ്റഴിയാറുണ്ടെന്നാണ് കടയുടമയുടെ വാദം. ഒരു കപ്പിന് ഏകദേശം 28 യുവാൻ ആണ് വില.

കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ഡോങ്‌യാങ്ങിലെ സവിശേഷ വിഭവങ്ങളിലൊന്നാണ്. ഇത് ഉറക്കക്ഷീണം ഒഴിവാക്കാനും വേനൽക്കാലത്തെ സൂര്യാഘാതം തടയാനും സഹായിക്കുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഈ വിഭവത്തിന് സോങ് രാജവംശത്തിന്റെ (960–1279) കാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഡോങ്‌യാങ്ങിലെ കടയിൽ കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ റോസ്റ്റ് ചെയ്തതിന് ശേഷം അമേരിക്കാനോ കോഫി കപ്പിന് മുകളിൽ വെച്ചാണ് വിളമ്പുക. ഉപഭോക്താക്കൾക്ക് മുട്ട പ്രത്യേകമായോ അല്ലെങ്കിൽ കോഫിയിൽ കലർത്തിയോ കഴിക്കാമെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞു.

അതേസമയം, ചൈനയിൽനിന്നു തന്നെയുള്ള ഡോക്ടർമാർ ഈ പാനീയത്തിന് എതിരാണ്. "മൂത്രം മനുഷ്യശരീരത്തിലെ വിസർജ്യമാണ്, അതിൽ ഗുണകരമായ ഒന്നുമില്ല," എന്ന് ജിൻഹുവ മുനിസിപ്പൽ സെൻട്രൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഹുവാങ് ജിയാൻ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വൈറലായതോടെ കടയിലെ മെനുവിൽനിന്ന് ഈ പാനീയം നീക്കം ചെയ്തു.

ആളുകളെ ആകർഷിക്കാൻ ചൈനയിലെ പല കഫേകളും ഇത്തരത്തിലുള്ള വിചിത്രമായ പാനീയങ്ങൾ അവതരിപ്പിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താറാവ് തല, ഉണക്കിയ പാമ്പ്, പാറ്റപ്പൊടി എന്നിവ ചേർത്ത കോഫികൾ ഇതിൽ ഉൾപ്പെടുന്നു.

Content Highlights: A coffee shop in China’s Zhejiang province sparked controversy and went viral for serving Americano coffee topped with eggs boiled in Child urine, a traditional local delicacy believed to have medicinal properties.