'ഷെഫ് ഓഫ് പ്രൈം മിനിസ്റ്റർ' ഇനി യാട്ട് കിച്ചണിലെ ഷെഫ് ആയി കൊച്ചിയിൽ

മോഹൻതാൽ, ഫഫ്ദ ജലേബി...അർപിത് മക്വാൻ പറഞ്ഞു തുടങ്ങിയപ്പോൾ നമ്മുടെ മോഹൻലാലിനെയും ഫഹദ് ഫാസിലിനെയുമൊക്കെയാണോ ഉദ്ദേശിച്ചതെന്ന് ഒരു നിമിഷം തോന്നിപ്പോയി. പിന്നെയാണ് അർപിത് താൻ പറഞ്ഞ ഡയലോഗിലെ 'കക്ഷി'കളെ പരിചയപ്പെടുത്തിയത്. രുചികരമായ ഗുജറാത്തി വിഭവങ്ങളായ മോഹൻതാലിന്റെയും ഫഫ്ദ ജിലേബിയുടെയുമൊക്കെ ഷെഫ് ആയ അർപിത്, ഇതൊക്കെ തയ്യാറാക്കി വിളമ്പുന്നത് ആർക്കാണെന്ന് കൂടി അറിഞ്ഞപ്പോൾ അത്ഭുതവും കൗതുകവും ഒരുപോലെ വായിൽ വെള്ളമൂറിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ ലഭിച്ച അവസരത്തെ അർപിത് കാണുന്നതും ജീവിതത്തിലെ അപൂർവ സൗഭാഗ്യങ്ങളിലൊന്നായിട്ടാണ്. എറണാകുളം ചക്കരപ്പറമ്പിൽ ഷെഫ് നളന്റെ നേതൃത്വത്തിൽ തുടങ്ങിയ യാട്ട് കിച്ചണിലെ ഷെഫ് ആയി കൊച്ചിയിലെത്തിയ അർപിത് ഇവിടുത്തെ തീൻമേശയിൽ ഗുജറാത്തി വിഭവങ്ങളും വടക്കേ ഇന്ത്യൻ വിഭവങ്ങളും ഏഷ്യൻ, യൂറോപ്യൻ വിഭവങ്ങളുമൊക്കെ വിളമ്പാൻ കാത്തുനിൽക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഇഷ്ടം
ഗുജറാത്തി വിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷെഫ് ആയ കഥ പറയുമ്പോൾ അർപിതിന് ഇപ്പോഴും അഭിമാനവും സന്തോഷവും ഒരുപോലെയുണ്ട്. ''ഗുജറാത്തിലെ സാസൻഗീർ വനത്തിലെ പരിപാടിക്ക് പ്രധാനമന്ത്രി വന്നപ്പോൾ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കിക്കൊടുത്തത് എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല. പ്രധാനമന്ത്രിക്ക് സാധാരണഗതിയിൽ പ്രോട്ടോക്കോൾ പ്രകാരം പരിശോധന കഴിഞ്ഞ ഭക്ഷണമാണ് വിളമ്പേണ്ടത്. എന്നാൽ അന്ന് പ്രധാനമന്ത്രി നേരത്തെ തയ്യാറാക്കിയ മെനു അപ്പാടെ മാറ്റി മറ്റു ചില വിഭവങ്ങൾ ഉണ്ടാക്കാൻ പറഞ്ഞു. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട മോഹൻതാലും ഫഫ്ദ ജലേബിയും ഗാത്തിയയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പഞ്ചസാരയിൽ മുക്കിയുണ്ടാക്കിയ ഗുജറാത്തി ഫെഫ്ദയുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്. ഗുജറാത്തി വീട്ടമ്മമാരുടെ ഒരു സ്‌പെഷ്യൽ വിഭവമാണ് മോഹൻതാൽ. കടലമാവിൽ മധുരം ചേർത്തുണ്ടാക്കുന്ന ഈ വിഭവത്തിൽ കുങ്കുമപ്പൂവും ഏലവും ബദാമും പിസ്തയുമൊക്കെ ചേർക്കും. ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന ഗാത്തിയ കടലമാവോ പയർമാവോ കൊണ്ടാണ് ഉണ്ടാക്കുന്നത്.'' അർപിത് പ്രധാനമന്ത്രിയുടെ ഇഷ്ടവിഭവങ്ങളുടെ കഥ പറഞ്ഞു.
ഇന്റർനാഷണൽ ടേസ്റ്റി
മൊറോക്കൻ ടാഗൈൻ ചിക്കൻ, ലബനീസ് ടിഗ്ര, കെബാബ് ഇസ്താംബുൾ, അറേബ്യൻ മക്‌ലൂബ...മൊറോക്കോ മുതൽ സൗദി അറേബ്യ വരെയുള്ള ഒരുപാട് ഇന്റർനാഷണൽ വിഭവങ്ങളാണ് അർപിത് ഇപ്പോൾ യാട്ട് കിച്ചനിലൂടെ കൊച്ചിയുടെ തീൻമേശയിലെത്തിക്കുന്നത്. ''ഭക്ഷണം എന്നത് ആസ്വദിച്ച് സന്തോഷത്തോടെ കഴിക്കേണ്ട ഒന്നാണ്. അതിൽ നമുക്ക് അധികം പരിചയമില്ലാത്ത പുതിയ വിഭവങ്ങൾ വരുമ്പോൾ വ്യത്യസ്തമായ അനുഭവങ്ങളാകും സ്വന്തമാകുന്നത്. യൂറോപിലെയും മിഡിൽ ഈസ്റ്റിലെയും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിഭവങ്ങൾ തയ്യാറാക്കുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ആട്ടിറച്ചിയും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ സൗദി അറേബ്യൻ വിഭവമാണ് മക്‌ലൂബ. ആട്ടിറച്ചിയിൽ കശുവണ്ടിയും പ്രത്യേക തരം മസാലകളും ചേർത്താണ് കെബാബ് ഇസ്താംബുൾ തയ്യാറാക്കുന്നത്. മൊറോക്കോയുടെ പരമ്പരാഗതമായ മൺപാത്രത്തിൽ വിളമ്പുന്ന ടാഗൈൻ ചിക്കൻ പ്രത്യേക തരം മസാലകൾ ചേർത്ത് വളരെ സാവധാനത്തിൽ പാചകം ചെയ്‌തെടുക്കുന്ന സ്വാദിഷ്ടമായ വിഭവമാണ്.'' അർപിത് കൊച്ചിയിലെത്തിച്ച വിഭവങ്ങൾ പരിചയപ്പെടുത്തി.
എലിസബത്തും അമിത് ഷായും
അഹമ്മദാബാദ് സ്വദേശിയായ അർപിത് മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയിൽ നിന്ന് എംബിഎയും നേടിയാണ് ഷെഫ് എന്ന സുന്ദരലോകത്തേക്കെത്തുന്നത്. ഷെഫ് എന്ന ജീവിത യാത്രയിൽ ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ഭക്ഷണം വിളമ്പാൻ കഴിഞ്ഞ സന്തോഷവും അർപിതിനുണ്ട്. ''ഓസ്‌ട്രേലിയിൽ ഹിൽട്ടൺ മെൽബൺ, പാർക്ക് റോയൽ, റിച്ച്‌മോണ്ട് ക്ലബ്ബ് തുടങ്ങിയ ഹോട്ടലുകളിലൊക്കെ ഷെഫ് ആയി ജോലി ചെയ്ത ശേഷം ഇന്ത്യയിലെത്തിയപ്പോഴും കുറേ ഹോട്ടലുകളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. ലോകത്തിലെ പല സ്ഥലങ്ങളിൽ ഷെഫ് ആയി ജോലി ചെയ്യുമ്പോൾ ഒട്ടേറെ പ്രമുഖ വ്യക്തികളെ ഊട്ടാൻ കഴിഞ്ഞതും ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ്. മെൽബണിൽ വെച്ചാണ് എനിക്ക് ബ്രിട്ടീഷ് രാഞജിയായ എലിസബത്തിന് ഭക്ഷണമൊരുക്കാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഷെഫ് ആയും അവസരം ലഭിച്ചിരുന്നു. ഗുജറാത്തിലെ കുറേ മന്ത്രിമാർക്ക് ഭക്ഷണമൊരുക്കാൻ അവസരം ലഭിച്ചതും മറക്കാനാകാത്ത അനുഭവമാണ്. ഇനി കൊച്ചിയുടെ തീൻമേശയിലേക്കും കുറേ വിഭവങ്ങൾ നിരത്തണമെന്നാണ് എന്റെ ആഗ്രഹം.'' അർപിത് പറയുന്നു.
Content Highlights: Gujarati chef Arpit Makwana cooked for PM Modi and the Queen