സൂര്യനെ മാത്രം നോക്കിയിരിക്കേണ്ട, വൈറ്റമിൻ-ഡി നൽകുന്ന ഈ ഭക്ഷണങ്ങളും ചില്ലറക്കാരല്ല

രാജ്യത്ത് അഞ്ചില്‍ ഒരാള്‍ക്കെങ്കിലും വൈറ്റമിന്‍ ഡിയുടെ കാര്യമായ കുറവുണ്ടെന്ന് വ്യക്തമാക്കുന്ന പഠനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക്സ് റിസർച്ചിന്റെ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തലുള്ളത്. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുന്ന കാര്യമുള്‍പ്പെടെ പരിഗണിച്ച് രാജ്യത്ത് നയംമാറ്റം കൊണ്ടുവരണമെന്ന ശുപാര്‍ശയുള്‍പ്പെടെ ഉയരുമ്പോള്‍ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളുടെ പ്രാധാന്യവും അറിഞ്ഞിരിക്കേണ്ടതുണ്ട്.
സൂര്യപ്രകാശത്തില്‍നിന്ന് മാത്രമല്ല, ആഹാരപദാര്‍ത്ഥങ്ങളിലൂടെയും ശരീരത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നുണ്ട്. മത്സ്യം, പാലുത്പന്നങ്ങള്‍, ധാന്യങ്ങള്‍, തൈര്, ബീഫ്, ലിവര്‍, മുട്ട എന്നിവയിലൊക്കെ വൈറ്റമിന്‍ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്.
മീന്‍ ചില്ലറക്കാരനല്ല
വൈറ്റമിന്‍ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകൾ. അതിനാല്‍ ഇവ കഴിക്കുന്നത് വൈറ്റമിന്‍ ഡി ലഭിക്കാന്‍ ഗുണം ചെയ്യും. കൂടാതെ മത്തി, ചാള, ചൂര പോലുളള ഒമേഗ 3യുടെ അളവ് കൂടിയ മറ്റു മീനുകളും വൈറ്റമിന്‍ ഡിയുടെ മികച്ച സ്രോതസുകളാണ്.
മുട്ടയ്ക്കുമുണ്ട് പങ്ക്
വൈറ്റമിന്‍ ഡിയുടെ കുറവുള്ളവര്‍ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ വൈറ്റമിന്‍ ഡിയുടെ കലവറയാണ്. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. വൈറ്റമിന്‍ എ, ബി5, ബി12, ബി2 എന്നിവയും നിശ്ചിത അളവില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
'അണ്ടര്‍റേറ്റഡ്' കൂണ്‍
വൈറ്റമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വൈറ്റമിന്‍ ഡി,ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ചെയ്യും.
പൊട്ടാസ്യം സമ്പന്നമായ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഫോര്‍ട്ടിഫൈഡ് ഫുഡിൽ നിന്നുള്ള വൈറ്റമിനുകള്‍
സ്വാഭാവികമായി വൈറ്റമിന്‍ ഡി-യുടെ സാന്നിധ്യമില്ലെങ്കിലും പോഷകാഹാര മൂല്യം വര്‍ദ്ധിപ്പിക്കാനായി ചില ഭക്ഷണങ്ങളില്‍ വൈറ്റമിന്‍ ഡി- ഉള്‍പ്പെടുത്തും. ഇവയാണ് ഫോര്‍ട്ടിഫൈഡ് എന്നറിയപ്പെടുന്നത്. ബദാം മില്‍ക്ക്, സോയാ മില്‍ക്ക്, ഓട്സ് മില്‍ക്ക് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും.
Content Highlights: Vitamin D deficiency, its effects,and how to increase your through food