ഭക്ഷണം മാത്രമല്ല, പാചകത്തിലും ശ്രദ്ധവേണം; പോഷകങ്ങൾ നഷ്ടമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഏറെ അധ്വാനിച്ച് ഭക്ഷണമുണ്ടാക്കിയിട്ടും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തുന്നില്ലെങ്കിലോ. പഴങ്ങളിലേയും പച്ചക്കറികളിലേയും പോഷകങ്ങൾ പാചകത്തിലെ പിഴവുകൾ കാരണം ഇല്ലാതായേക്കാം. ഡയറ്റ് ഫോളോ ചെയ്യുന്നതിനൊപ്പം പാചകത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വേവിച്ച് കൊളമാക്കരുത് 

പച്ചക്കറികൾ കൂടുതല്‍ വേവിക്കുന്നത് കീടാണുക്കളെ നശിപ്പിക്കുമെന്ന വിശ്വാസത്തില്‍ പലരും അമിതമായി വേവിക്കാറുണ്ട്. എന്നാല്‍ പച്ചക്കറിയില്‍ അടങ്ങിരിക്കുന്ന പോഷകങ്ങളെ ഇല്ലാതാക്കുന്നതിന് ഇത് കാരണമായേക്കാം. പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം.  പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.

ബ്രൊക്കോളി, ചീര പോലുള്ള ഇലവര്‍ഗ്ഗങ്ങള്‍ അധികം വേവിക്കേണ്ടതില്ല. 

തൊലി അത്ര മോശമല്ല

വൃത്തിയുടെ ഭാഗമായി പലരും പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലി പൂര്‍ണമായി കളയാറുണ്ട്. എന്നാല്‍ പല പച്ചക്കറികളുടയും പഴങ്ങളുടേയും തൊലികളിലും നാരുകളും, ആന്റീഓക്‌സിഡന്റുകളും അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ചില പച്ചക്കറികള്‍ വൃത്തിയായി കഴിയ ശേഷം തൊലിയോടെ ഭക്ഷിക്കാവുന്നതാണ്. 

വഴുതനങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, തക്കാളി, കുക്കുംബര്‍ പോലുള്ളവ ഉദാഹരണം.

പഴകിയ എണ്ണകൊണ്ടുള്ള പാചകം

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും വാങ്ങി ഒരുപാട് നാളായവ ഉപയോഗിക്കുന്നതും എണ്ണയില്‍ അടങ്ങിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളെ ഇല്ലാതാക്കും. കോള്‍ഡ് പ്രസ്ഡ് ഓയിൽ എന്നറിയപ്പെടുന്ന വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കടുകെണ്ണ മുതലായവ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. 

ധാന്യങ്ങൾ കുതിർക്കാൻ മടിവേണ്ട

പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും ഫൈറ്റിക് ആസിഡ് പോലുള്ള ആന്റിന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം തടയുന്നു. അതുകൊണ്ടു തന്നെ പയര്‍വര്‍ഗ്ഗങ്ങളും ധാന്യങ്ങളും കുതിര്‍ക്കുകയോ മുളപ്പിക്കുകയോ ചെയ്യുന്നത് ഈ ആന്റിന്യൂട്രിയന്റുകളുടെ സാന്നിധ്യം കുറയ്ക്കാന്‍ സഹായിക്കും.  

ദഹനം മെച്ചപ്പെടുത്താനും പോഷകമൂല്യവും മെച്ചപ്പടുത്താനും  പയര്‍, കടല പോലുള്ള ധാന്യങ്ങള്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കുന്നതാണ് നല്ലത്.


 

Content Highlights: Cooking Tips for Healthy Eating