ചില്ലറക്കാരല്ല ഈ കുഞ്ഞൻ പഴങ്ങൾ, ഓർമ്മശക്തിക്കും മികച്ചത്; അറിയാം ബ്ലൂബെറിയുടെ ഗുണങ്ങൾ

ബ്ലൂബറി| ഫോട്ടോ: canva.com
ബ്ലൂബറി| ഫോട്ടോ: canva.com

വിപണിയില്‍ ലഭ്യമായ പല വിലയേറിയ വിദേശ പഴങ്ങളും പെട്ടെന്ന് കണ്ണിലുടക്കും. എന്നാല്‍ കുഞ്ഞൻ ബ്ലൂബെറിപ്പഴങ്ങള്‍ ശ്രദ്ധയിൽപെടാതെ പോയേക്കാം. ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, മാങ്കോസ്റ്റീൻ, ലിച്ചി, അബിയു, മില്‍ക്ക് ഫ്രൂട്ട്, തുടങ്ങി പല വിദേശ പഴങ്ങളും കേരളത്തിലെ കാലവസ്ഥയിലും വളരുന്നതുകൊണ്ടുതന്നെ താരതമ്യേനെ ചെറിയ വിലയില്‍ ലഭ്യമാകാറുണ്ട്. കേരളത്തില്‍ വളരുമെങ്കിലും ശ്രദ്ധയേറെ നല്‍കേണ്ട പഴമായതിനാല്‍ ഇവയുടെ വില കൂടുതലാണ്. എന്നാല്‍ ഡയറ്റില്‍ ബ്ലൂബെറി പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. 

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുള്ള പഴമാണ് ബ്ലൂബെറി. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയാക്കിയോ സാലഡിനൊപ്പമോ യോഗട്ടായോ കഴിക്കാം. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ബ്ലൂബറിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുതിന് സഹായിക്കുന്നു.

മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ തടയുന്നതിനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്ലൂബെറിയില്‍ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ബ്ലൂബെറി  ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. 

നൂറ് ഗ്രാം ബ്ലൂബെറിയില്‍ ഏകദേശം 57 കലോറിയാണുള്ളത്. കലോറി കുറച്ച് ഭക്ഷണം ക്രമീകരിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പഴമാണ് ബ്ലൂബെറി. 


 

Content Highlights: Health Benefits of Blueberries