ബിരിയാണി, രുചിയുടെയും ആസ്വാദനത്തിന്റെയും തലങ്ങളിൽ എന്നും നമ്പർ വൺ!

#സിറാജ് കാസിം

കൊച്ചി: ഷാജഹാൻ ചക്രവർത്തിയുടെ പത്‌നി മുംതാസ് ഒരുനാൾ മുഗൾ പട്ടാളബാരക്കുകളിൽ സന്ദർശനം നടത്തി. പട്ടാളക്കാരുടെ മുഖത്ത് വലിയ ക്ഷീണവും ആലസ്യവും കണ്ട മുംതാസ്, അത് പോഷകക്കുറവ് മൂലമാണെന്ന് വിചാരിച്ച് ആശങ്കാകുലയായി. പട്ടാളക്കാർക്ക് ഭക്ഷണമൊരുക്കുന്ന ഷെഫിനെ വിളിച്ചുവരുത്തിയ മുംതാസ് അദ്ദേഹത്തോട് ഉണർവും ഊർജവും നിലനിർത്താൻ പറ്റുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണം ഒരുക്കാൻ ആവശ്യപ്പെട്ടു. 

രാജ്ഞിയുടെ ആജ്ഞ ശിരസ്സാവഹിച്ച ഷെഫ് പ്രത്യേക ചേരുവകളാൽ രുചിയൂറുന്ന ഒരു ഭക്ഷണം തയ്യാറാക്കി.... അതാണ് ബിരിയാണി. ലോകം കീഴടക്കിയ ബിരിയാണിയുടെ ഉദ്ഭവകഥകൾ പലതുണ്ടെങ്കിലും രുചിയുടെയും ആസ്വാദനത്തിന്റെയും തലങ്ങളിൽ നമ്പർ വൺ തന്നെയാണ് എന്നും ആ വിഭവം. കൊച്ചിയുടെ തീൻമേശകളിൽ ബിരിയാണി ഒരുക്കുന്നവരെല്ലാം എന്നും സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. ബിരിയാണിയുടെ മൊഹബ്ബത്തിൽ പാലാരിവട്ടം റിനൈ ഹോട്ടൽ ഒരു ഉത്സവത്തിന് കൊടിയേറുമ്പോഴും ആസ്വാദകരുടെ മുന്നിലേക്കെത്തുന്നത് രുചിയുടെ പൂക്കാലം തന്നെയാണ്.

കോവിഡ് കാലത്തെ ബിരിയാണി

അതിഥികൾക്ക് മുന്നിൽ ബിരിയാണി ഒരുക്കിയിരുന്ന റിനൈയിലെ ഷെഫ് സംഘത്തിന് അതൊരു ഉത്സവമായത് കോവിഡ് കാലത്താണ്. ''കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ യാത്രകൾ പരിമിതമായിരുന്ന സമയത്ത് 'ബിരിയാണി ടെയിൽസ് ഓഫ് ഇന്ത്യ' എന്ന ആശയവുമായാണ് ഞങ്ങൾ ഈ ഉത്സവം തുടങ്ങിയത്.

ഉത്സവംപോലെ ബിരിയാണിയുണ്ടാക്കിയ ഞങ്ങൾ അതിഥികൾക്ക് 'ടേക് എവേ'യായാണ് കോവിഡ് കാലത്ത് നൽകിയിരുന്നത്. കോവിഡ് കാലത്തെ ഈ ബിരിയാണി ഉത്സവത്തിന് അതിഥികളിൽ നിന്ന് വൻ സ്വീകാര്യത കിട്ടിയതോടെ പിന്നീടുള്ള ഓരോ വർഷവും ഈ ഉത്സവം ഞങ്ങൾ മുടങ്ങാതെ നടത്തിയിരുന്നു.

ഒരു ഉത്സവമുറ്റത്തെത്തുന്നതുപോലെ റിനൈയിലെത്തി ബിരിയാണിയുടെ രുചിഭേദങ്ങളിലേക്ക് ചേക്കേറുകയെന്നത് വലിയ അനുഭവമാണെന്ന് പലരും പറഞ്ഞതോടെ ഞങ്ങൾക്കും ആവേശമേറി.'' റിനൈ ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത് കെയർ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ കൃഷ്ണദാസ് പോളക്കുളത്തിന്റെ വാക്കുകളിൽ ബിരിയാണി ഉത്സവത്തിന്റെ കഥ തെളിഞ്ഞു.

അഫ്ഗാനിയും കശ്മീരിയും

ബിരിയാണി ഉത്സവത്തിന്റെ മറ്റൊരു കൊടിയേറ്റത്തിൽ നിൽക്കുമ്പോൾ ഇത്തവണ എട്ട് വ്യത്യസ്ത ബിരിയാണി അനുഭവങ്ങളാണ് റിനൈ കാത്തുവെയ്ക്കുന്നത്. ''ഇത്തവണത്തെ ബിരിയാണി ഉത്സവത്തിന് നേരത്തേതന്നെ ഞങ്ങളുടെ ഷെഫുമാർ ഒരുക്കം തുടങ്ങിയിരുന്നു. ജൂൺ 18-ന് തുടങ്ങിയ ഇത്തവണത്തെ ബിരിയാണി ഉത്സവം ഞായറാഴ്ച വരെയുണ്ടാകും.

റിനൈയിലെ രാസലീല റസ്റ്ററന്റിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് ബിരിയാണി ഫെസ്റ്റിവൽ നടക്കുന്നത്. അതിഥികൾക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രത്യേക ബിരിയാണി വിഭവങ്ങൾ ആസ്വദിക്കാമെന്നതാണ് ഇത്തവണത്തെ ബിരിയാണി ഉത്സവത്തിന്റെ പ്രത്യേകത.

ഇതിൽ മലബാറി ബിരിയാണി, ഹൈദരാബാദി ബിരിയാണി, തലശ്ശേരി ബിരിയാണി, തിരുവിതാംകൂർ ബിരിയാണി, അഫ്ഗാനി ബിരിയാണി, പഞ്ചാബി ബിരിയാണി, കശ്മീരി ബിരിയാണി, ഡ്രൈ ഫ്രൂട്ട് ബിരിയാണി എന്നിവയൊക്കെ ഉൾപ്പെടുന്നു. നാല് വ്യത്യസ്തതരം ചായകളും പ്രത്യേക തന്തൂരി വിഭവങ്ങളും ബിരിയാണി ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുന്ന ഈ വിഭവങ്ങൾ, രുചികരവും വ്യത്യസ്തവുമായ ഭക്ഷണാനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

അല്ലെങ്കിലും ബിരിയാണി എന്നാൽ നാവിൽ രുചിയുടെ കപ്പലോടിക്കാനുള്ളത്ര വെള്ളം നിറയ്ക്കുന്ന അനുഭവമല്ലേ...'' ആവേശത്തോടെയായിരുന്നു ബിരിയാണി ഫെസ്റ്റിവലിനെപ്പറ്റി കൃഷ്ണദാസിന്റെ വാക്കുകൾ.

Content Highlights: Historical origin of Biryani linked to Mumtaz and Mughal kitchens., Renai Kochi hosting an 8-variety Biryani festival in 2026., Menu includes Malabari, Hyderabadi, Thalassery, Afghani, and Kashmiri styles., Event held at Rasaleela Restaurant, 12 PM to 9 PM daily., Includes special tandoori dishes and four types of tea.