'എനിക്ക് ബിർനാണി തരോ'; ശങ്കുവിൻ്റെ ചോദ്യം; താരമായി കുട്ടികുറുമ്പൻ

ശങ്കു മമ്മൂട്ടിക്കൊപ്പം
ശങ്കു മമ്മൂട്ടിക്കൊപ്പം

കൊച്ചി: രാവിലെ ഒരു ദോശ മാത്രം കഴിച്ചെത്തിയതുകൊണ്ടാകാം ‘ബിർനാണി ചേച്ചി’മാരെ കണ്ടതോടെ ശങ്കുവിന്റെ ആദ്യ ഡയലോഗ് വന്നത്. ‘എനിക്ക് ബിരിയാണി തരോ’ എന്ന ശങ്കുവിന്റെ ചോദ്യത്തിന് എല്ലാവരും ചിരിയോടെ തലയാട്ടി. കേരള ബിരിയാണി ക്വീൻ മത്സരവേദിയിൽ ബിർനാണി ശങ്കുവിനെ അറിയാത്ത ആരുമുണ്ടായിരുന്നില്ല. ‘ബിർനാണീം പൊരിച്ച കോഴീം വേണം’ എന്ന ഡയലോഗ് പറഞ്ഞ ശങ്കുവിന്റെ ഡയലോഗ് കേരളത്തിൽ വൈറലായിരുന്നു. ശങ്കുവിന്റെ വൈറൽ വീഡിയോ കണ്ട മന്ത്രി വീണാ ജോർജ് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

അച്ഛൻ സോമസുന്ദറിനും അമ്മ അശ്വതിക്കും അപ്പൂപ്പൻ അശോകനുമൊപ്പമാണ് ശങ്കു എന്ന തൃജൽ മത്സരവേദിയിലെത്തിയത്. മൂന്നര വയസ്സുകാരൻ തൃജലിന് ഉച്ചഭക്ഷണം നൽകുന്നതിനിടെ അമ്മ എടുത്ത വീഡിയോ ആണ് വൈറലായത്. “ഇവൻ ഭക്ഷണം കഴിക്കുന്നതിൽ അല്പം പിന്നോട്ടാണ്. കുറച്ചു കാലം മുൻപ്‌ തുടർച്ചയായി പനി വന്നതിനുശേഷം കഞ്ഞിയും പയറും ദോശയും മാത്രമാണ് അവൻ പലപ്പോഴും കഴിച്ചിരുന്നത്. അവന് ഒരുപാടിഷ്ടപ്പെട്ട ഭക്ഷണമായിരുന്നു ബിരിയാണി. അന്ന് ഉച്ചയ്ക്ക് കഞ്ഞി കൊടുക്കുന്നതിനിടയിലാണ് അവൻ ബിരിയാണി വേണമെന്ന ഡയലോഗ് പറഞ്ഞത്. അത് പിന്നീട് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇത്ര വൈറലാകുമെന്ന് കരുതിയതല്ല”, അശ്വതി പറഞ്ഞു.

കേരള ബിരിയാണി ക്വീൻ വേദിയിലും ശങ്കുവിനൊപ്പം ഫോട്ടോ എടുക്കാൻ ഒരുപാടുപേർ എത്തി. പലരോടും ബിരിയാണി ഡയലോഗ് പറഞ്ഞു തന്നെയാണ് ശങ്കു ഫോട്ടോയ്ക്ക് പോസ് ചെയ്തതും. സമ്മാനദാനത്തിനിടയിൽ ശങ്കുവിനെയും കുടുംബത്തെയും വേദിയിലേക്ക് വിളിപ്പിച്ചപ്പോൾ മമ്മൂട്ടിയോടും ബിരിയാണി ചോദിക്കാൻ ശങ്കു മറന്നില്ല.

Content Highlights: Shanku in biriyani queen