പോഷകസമൃദ്ധമാണ് പപ്പായ, കഴിച്ചാല്‍ ഗുണമേറെ; ചര്‍മസംരക്ഷണത്തിനും സഹായകം

പോഷകസമൃദ്ധം. ലഭിക്കാന്‍ സാധ്യത കൂടുതല്‍. കലോറിയാണെങ്കില്‍ നന്നേ കുറവും. പപ്പായ അഥവാ കപ്പളങ്ങയെ ഒരു സൂപ്പര്‍ ഫ്രൂട്ട് ആക്കുന്ന ഘടകങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുക്കളത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായ പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മസംരക്ഷണത്തിനും ഏറെ ഗുണകരമാണ്.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം എന്നിവ തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ത്വക്കിന്റെ വരള്‍ച്ച കുറയ്ക്കാനും സഹായിക്കും.
ബീറ്റാ കരോട്ടിന്‍ പോലെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ പപ്പായയിലുണ്ട്. ഇത് ചര്‍മത്തില്‍ ചുളിവു വീഴുന്നത് തടയും. സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും യുവത്വം തോന്നിപ്പിക്കുകയും ചെയ്യും. ഫ്രൂട്ട് സലാഡോ സ്മൂത്തിയോ ജ്യൂസോ ഒക്കെ ആയി പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യുവത്വം നിലനിര്‍ത്താന്‍ നല്ലതാണ്.
ജലാംശവും പൊട്ടാസ്യവും പപ്പായയില്‍ ആവോളമുണ്ട്. അതുകൊണ്ടുതന്നെ പഴുത്ത പപ്പായ, വെറുതെ മുറിച്ചോ ജ്യൂസ് ആക്കിയോ കഴിക്കുന്നത് ശരീരത്തിന് ജലാംശം നല്‍കുകയും അതുവഴി ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കുകയും ചെയ്യും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപെയ്ന്‍ എന്ന എന്‍സൈം, ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായകമാണ്. ഇതിനായി, പഴുത്ത പപ്പായ, നല്ലതുപോലെ കുഴച്ച് മുഖത്ത് പുരട്ടിയ ശേഷം പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം കഴുകി കളയുക. മുഖക്കുരുവിനെ തടയാനും ഇത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: benefits of papaya