81 വയസ്സുകാരിയുണ്ടാക്കുന്ന 3500 രൂപയുടെ ഓംലെറ്റ്, അനുഭവം പങ്കുവെച്ച് വ്ളോഗർ| VIDEO

ജേ ഫായ് പാചകത്തിനിടെ, ഞണ്ട് നിറച്ച ഓംലെറ്റ്| ഫോട്ടോ: Instagram @flowspointofview, @pimchanyum
ജേ ഫായ് പാചകത്തിനിടെ, ഞണ്ട് നിറച്ച ഓംലെറ്റ്| ഫോട്ടോ: Instagram @flowspointofview, @pimchanyum

തട്ടുകടകളില്‍ ലഭിക്കുന്ന ഓംലെറ്റിന്റെ രുചി വീട്ടിലുണ്ടാക്കുന്നവയ്ക്കില്ലെന്ന് പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ 3500 രൂപ വിലയുള്ള ഓംലെറ്റിന്റെ രുചി എന്താകും?. തായ്‌ലെന്റില്‍ മിഷെലിന്‍ സ്റ്റാര്‍ ലഭിച്ച തെരുവോര ഭക്ഷണശാലയില്‍ ലഭിക്കുന്ന ഓംലെറ്റിനെകുറിച്ചാണ് പറഞ്ഞു വരുന്നത്.

ഞണ്ട് നിറച്ച ഈ ഓംലെറ്റും വിഭവത്തിനു പിന്നിലെ ഷെഫും ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബാങ്കോക്കിലെത്തി ഓംലെറ്റ് രുചിച്ചുനോക്കുന്ന വീഡിയോ,  യൂട്യുബറായ ദസരാജ് സെന്തമില്‍ തരുണ്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയൊണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. 

വ്യത്യസ്തമായ വിഭവങ്ങള്‍ മികച്ച രീതിയില്‍ വിളമ്പുന്ന ലോകോത്തര റസ്റ്ററന്റുകള്‍ക്ക്  നല്‍കുന്ന അവാര്‍ഡാണ് മിഷെലിന്‍ സ്റ്റാര്‍. പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, രുചിക്കൂട്ടുകളുടെ ചേര്‍ച്ച, പാചകരീതി, പാചകം ചെയ്യുന്ന ഷെഫിന്റെ വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയാണ് Michelin Stars അവാര്‍ഡുകള്‍ നല്‍കുന്നത്.

വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ് റസ്റ്ററിന്റിലേക്കുള്ള കാത്തിരിപ്പ് നല്‍കുന്നതെന്ന് ഇയാള്‍ പറയുന്നുണ്ട്. സീറ്റിനായി വരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ തന്നെ ഓര്‍ഡറെഡുക്കാനായി ആളെത്തും. ഓംലെറ്റിന്റെ വിലക്കുപുറമേ മറ്റൊന്നാണ് ഇവിടുത്തെ ഹൈലൈറ്റ്. 

ബാങ്കോക്ക് സട്രീറ്റ് ഫുഡുകളുടെ റാണി എന്നറിയപ്പെടുന്ന 81 വയസ്സുകാരിയായ ഷെഫ് ജേ ഫേയാണ് ഇവിടുത്തെ ഓരോ വിഭവവും തയ്യാറാക്കുന്നത്. സുപിന്യ ജുന്‍സൂട്ട എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ബാങ്കോക്കിലെ തെരുവോര ഭക്ഷണകച്ചവടത്തിലെ പ്രധാനിയാണ് ചെഫ് ജെ ഫായ്. മുപ്പത് മിനിറ്റ് കാത്തിരിപ്പിന് ശേഷമാണ് കൊതിയൂറും ഡിപ് ഫ്രൈഡ് ഓംലെറ്റ് മുന്നിലേക്കെത്തിയതെന്നും ഇയാള്‍ പറയുന്നുണ്ട്. ഉള്ളില്‍ ഞണ്ട് നിറച്ച ഓംലെറ്റിന്റെ രുചി മറക്കാനാകാത്ത ഓര്‍മയാണെന്നാണ് ദസരാജ് പറയുന്നത്. 

മിഷലിന്‍ സ്റ്റാര്‍ ലഭിക്കുന്ന ആദ്യ തായ് സ്ട്രീറ്റ്  ഫുഡ് ഭക്ഷണശാല ഉടമയാണ് ജേ ഫായ്. ഏഷ്യയിലെ മികച്ച 50 റസ്റ്ററന്റിനുള്ള അവാര്‍ഡും ഇവരുടെ ഉടമസ്ഥതയിലുള്ള റാന്‍ ജേ ഫായ് ഭക്ഷണശാലയ്ക്ക് സ്വന്തമാണ്. 

Content Highlights: Experience the legendary $35 Michelin-starred omelette in Bangkok`s street food scene