രുചിയോർമകൾ ബാക്കി, കുറഞ്ഞ വിലയ്ക്ക് രുചിയുള്ള ഭക്ഷണം നൽകിയ ബാലൻ ചേട്ടൻ യാത്രയായി

മട്ടാഞ്ചേരി: 'ബാലൻ ചേട്ടന്റെ ചായക്കട'യിലൂടെ സാമൂഹികമാധ്യമങ്ങളിൽ വൈറൽ താരമായി മാറിയ 'ബാലൻ' ഓർമയായി. മട്ടാഞ്ചേരിയിലെ ഒരു കൊച്ചുകടയിൽ ഇരുന്ന് അദ്ദേഹം ഒരുക്കിയ രുചിയുള്ള വിഭവങ്ങളിലൂടെയാണ് ബാലൻ സാമൂഹിക മാധ്യമങ്ങളിൽ താരമായത്. പാലക്കാട് സ്വദേശിയായ ബാലൻ കുട്ടിക്കാലത്ത് കൊച്ചിയിലെത്തിയതാണ്. ഒരു ചായക്കടയിൽ പണിക്കാരനായി തുടക്കം. പിന്നീട് അദ്ദേഹം മട്ടാഞ്ചേരി മഹളറ മുസ്ലിം പള്ളിക്കടുത്ത് 'സിറ്റി സ്റ്റാർ' എന്ന പേരിൽ ചായക്കട തുടങ്ങി. അവിടെയാണ് 'നാവിൽ കപ്പലോടിക്കുന്ന' ബാലൻ ചേട്ടന്റെ രുചിക്കൂട്ടുകൾ ഒരുങ്ങിയത്.
പരമ്പരാഗത ഭക്ഷണങ്ങൾ തന്നെയാണ് അദ്ദേഹം വിളമ്പിയത്. പക്ഷേ, അതിനെല്ലാം വേറിട്ടൊരു രുചിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 'സ്‌ക്വയർ പൊറോട്ട' ചെറുപ്പക്കാരുടെ ഇഷ്ടവിഭവമായിരുന്നു. മീറ്റ് ചാപ്സ്, ബീഫ് റോസ്റ്റ് തുടങ്ങി കുറച്ചു വിഭവങ്ങൾ മാത്രമാണ് അവിടെ വിളമ്പിയത്. ഈ കടയിൽ കുടുംബസമേതമാണ് ആളുകൾ എത്തുന്നത്. ഭക്ഷണത്തിന്റെ രുചി മാത്രമല്ല, ബാലന്റെ സ്നേഹപൂർണമായ ഇടപെടലും ആളുകളെ ആകർഷിച്ചു. ഒരുപാട് ഫുഡ് വ്‌ളോഗർമാരും, ഭക്ഷണപ്രിയരും ബാലൻ ചേട്ടന്റെ ചായക്കട തേടി വന്നു.
കുറഞ്ഞ വിലയ്ക്ക് രുചിയുള്ള ഭക്ഷണം ഇതായിരുന്നു ബാലന്റെ രീതി. സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, ഇവിടെ തിരക്കോട് തിരക്കായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ബാലൻ ലോകത്തോട് വിട പറഞ്ഞത്. മൃതദേഹം കരിപ്പാലം കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ജനം ഒഴുകിയെത്തി. മൃതദേഹം പിന്നീട് സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോയി.
Content Highlights: Balan Chettan, the iconic face of City Star tea stall in Mattancherry, passed away., Renowned for affordable, authentic, and delicious traditional food., Gained massive popularity via social media and food vloggers., Famous for unique dishes like 'Square Porotta', meat chops, and beef roast., Widely remembered for his warm hospitality and humble nature.