'സൂപ്പര്‍ ടോണിക്കും സൂപ്പര്‍ കോസ്മെറ്റിക്കും'; കഴുതയെ കറന്ന് പാല്‍കുടിച്ച് ബാബ രാംദേവ്

കഴുതയെ കറന്ന് ബാബ രാംദേവ് പാല്‍കുടിക്കുന്നു | Photo: x.com/IndiaDirectNew4
കഴുതയെ കറന്ന് ബാബ രാംദേവ് പാല്‍കുടിക്കുന്നു | Photo: x.com/IndiaDirectNew4

ഏറെ ആരാധകരുള്ള വ്യക്തിയാണ് യോഗഗുരു ബാബ രാംദേവ്. പതഞ്ജലി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വഴിയും ജീവിതശൈലി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ശുപാര്‍ശ ചെയ്തും യോഗ പഠിപ്പിച്ചും അദ്ദേഹം വലിയ തോതില്‍ ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ബാബാ രാംദേവ് കഴുതപ്പാല്‍ കുടിക്കുകയും അതിന്റെ ഗുണങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. 

വീഡിയോയില്‍ രാംദേവ് കഴുതയെ കറക്കുന്നതായും തുടര്‍ന്ന് പാല്‍ കുടിക്കുന്നതായും കാണാം. ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായാണ് കഴുതപ്പാല്‍ കുടിക്കുന്നത്. ''ഞാന്‍ ജീവിതത്തില്‍ ആദ്യമായി കഴുതയുടെ പാല്‍ കുടിക്കുകയാണ്. ഒട്ടകം, പശു, ചെമ്മരിയാട്, ആട് എന്നിവയുടെ പാല്‍ ഞാന്‍ കുടിച്ചിട്ടുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു സൂപ്പര്‍ ടോണിക്കായും സൂപ്പര്‍ കോസ്മെറ്റിക് ആയും പാല്‍ പ്രവര്‍ത്തിക്കുന്നു,'' രാംദേവ് പറഞ്ഞു.

പാല്‍ കുടിച്ചശേഷം 'വളരെ രുചിയേറിയത്' എന്നാണ് രാംദേവ് കഴുതപ്പാലിനെ വിശേഷിപ്പിച്ചത്. താന്‍ കുടിച്ച മറ്റ് പാലുകളെ അപേക്ഷിച്ച് അസാധാരണമാണ് അതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈജിപ്ഷ്യന്‍ രാജ്ഞിയായ ക്ലിയോപാട്രയെ പരാമര്‍ശിച്ച് കഴുതപ്പാലിന്റെ ഗുണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. സൗന്ദര്യവര്‍ദ്ധനവിനായി കഴുതപ്പാലിലാണ് ക്ലിയോപാട്ര കുളിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് കഴുതപ്പാല്‍ സുരക്ഷിതമായി കഴിക്കാമെന്നും രാംദേവ് അവകാശപ്പെട്ടു. 

പശുവിന്‍ പാലില്‍ നിന്ന് വ്യത്യസ്തമായി, കഴുതപ്പാലിന് വില കൂടുതലാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് ലീറ്ററിന് 5,000 മുതല്‍ 7,000 രൂപ വരെ വിലവരും. ചില പഠനങ്ങള്‍ കഴുതപ്പാലിന്റെ ഗുണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഒരു ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ഇത് കഴിക്കാവൂ എന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. ഇതെല്ലാമാണെങ്കിലും ഇന്ത്യയില്‍, കഴുതപ്പാല്‍ ഉപഭോഗം സാധാരണമല്ല.
 

Content Highlights: Baba Ramdev Tries Donkey Milk For The First Time