വൈറലായി ആപ്പിൾ ഇഡ്ഡലി, വെറൈറ്റിയാണ് പക്ഷേ കോമ്പിനേഷൻ അസഹ്യമെന്ന് ഭക്ഷണപ്രേമികൾ

വീഡിയോയിൽ നിന്ന് | Photo: instagram.com/thegreatindianfoodie/
വീഡിയോയിൽ നിന്ന് | Photo: instagram.com/thegreatindianfoodie/

തെന്നിന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രാതലുകളിലൊന്നാണ് ഇഡ്ഡലി. സാമ്പാറിലും തേങ്ങാ ചമ്മന്തിയിലുമൊക്കെ മുക്കിയ ഇഡ്ഡലി കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരുണ്ട്. എന്നാൽ ഭക്ഷണ പരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് ഇഡ്ഡലിയിപ്പോൾ. സം​ഗതി ആപ്പിൾ ഇഡ്ഡലിയാണ്. എന്നാൽ ഈ പുത്തൻ റെസിപ്പി ഭക്ഷണപ്രേമികളിൽ ഏറെപേർക്കും അത്രപിടിച്ച മട്ടില്ല. 

ദി ​ഗ്രേറ്റ് ഇന്ത്യൻ ഫൂഡി എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിഭവമുണ്ടാക്കാൻ ആപ്പിൾ കഷ്ണങ്ങളാക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം കാണുന്നത് ഒരു പാത്രത്തിലേക്ക് ഇഡ്ഡലി മാവൊഴിക്കുന്നതാണ്. ഇഡ്ഡലിമാവിനൊപ്പം ആപ്പിളും ചേർത്തിട്ടുണ്ടെന്നത് നിറത്തിൽ നിന്നു വ്യക്തം. മാവിലേക്ക് അൽപം ആപ്പിൾ കഷ്ണങ്ങളും ചേർക്കുന്നുണ്ട്. ശേഷം നന്നായി മിക്സ് ചെയ്ത് ഈ മാവ് വേവിക്കാൻ വെക്കുകയാണ്. 

പാകം ചെയ്തുകഴിയുമ്പോൾ വാഴയിലയിൽ വിളമ്പി ഇഡ്ഡലിക്കു മുകളിൽ ഒരു ആപ്പിൾ കഷ്ണവും മാതളനാരങ്ങാ അല്ലികളും വച്ച് വശത്ത് സാമ്പാറും ചട്നിയും ചേർത്ത് വിളമ്പുന്നതും കാണാം. 

നിരവധി പേരാണ് ഈ കോമ്പിനേഷൻ വെറൈറ്റിയാണെങ്കിലും അസഹ്യമെന്ന് വീഡിയോക്കു കീഴെ കമന്റ് ചെയ്തത്. പ്രിയപ്പെട്ട രണ്ടുരുചികൾ നശിപ്പിച്ചുവെന്നും തെന്നിന്ത്യനെന്ന നിലയ്ക്ക് ഈ വീഡിയോ വേദനിപ്പിക്കുന്നുവെന്നും തനതുരുചികളെ ഇങ്ങനെ ഇല്ലാതാക്കരുത് എന്നുമൊക്കെയാണ് കമന്റുകൾ. 

Content Highlights: Apple Idli viral recipe