അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ടയിടം; നാല് മേശയില്‍ നിന്ന് നാല് കോടിയിലെത്തിയ 'സ്വാതി സ്‌നാക്‌സ്'

File Photo | PTI & Swatisnacks
File Photo | PTI & Swatisnacks

അറുപതുവര്‍ഷത്തോളം പഴക്കമുള്ള ഒരു സ്നാക്ക്സ് ഷോപ്പുണ്ട് മുംബൈയില്‍, രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും ചിത്രകാരന്‍ എം.എഫ്. ഹുസൈനും വരെ പ്രിയപ്പെട്ട ഒരു കട, മുംബൈക്കാരുടെ സ്വന്തം 'സ്വാതി സ്നാക്സ്'.

1963-ല്‍ മിനാക്ഷി ജാവേരി എന്ന സ്ത്രീയാണ് 'സ്വാതി സ്നാക്സ്' എന്ന പേരില്‍ ഗുജറാത്തി വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ സ്ഥാപനം മുംബൈയില്‍ ആരംഭിച്ചത്. കുട്ടികള്‍ക്കും തന്റെ കുടുംബത്തിനും ജീവിക്കാനായുള്ള വരുമാനം കണ്ടെത്താനായിരുന്നു മിനാക്ഷി അന്ന് നാല് മേശകളിട്ട് 'സ്വാതി സ്നാക്സ്' എന്ന കട തുടങ്ങിയത്. വെറും നാല് വിഭവങ്ങളുമായി 1963-ല്‍ 'സ്വാതി സ്നാക്സ്' എന്ന സ്ഥാപനത്തിന് തുടക്കം  കുറിക്കുമ്പോള്‍ പില്‍ക്കാലത്ത് അത് വലിയ മള്‍ട്ടി-ഔട്ട്ലെറ്റ് റസ്റ്ററന്റ് ശൃംഖലയാകുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാകില്ല. നിലവില്‍ മാസം നാലുകോടിയോളം രൂപയുടെ വിറ്റുവരവുള്ള റസ്റ്ററന്റ് ശൃംഖലയാണ് 'സ്വാതി സ്നാക്സ്'.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയിടം കൂടിയാണ് 'സ്വാതി സ്നാക്സ്'. തന്റെ കുടുംബത്തിലെ മൂന്ന് തലമുറകള്‍ സ്വാതി സ്നാക്സില്‍ നിന്നുള്ള വിഭവങ്ങള്‍ ആസ്വദിച്ചിരുന്നതായി മുകേഷ് അംബാനി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ചിത്രകാരനായിരുന്ന എം.എഫ്. ഹുസൈന് സേവ് പൂരിയായിരുന്നു സ്വാതി സ്നാക്സിലെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. തബലിസ്റ്റായ സാക്കിര്‍ ഹുസൈന്‍ സ്വാതി സ്നാക്സിലെ 'ദഹി ബത്താത് പുരി'യുടെ ആരാധകനാണ്. ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക് സ്വാതി സ്നാക്സില്‍നിന്ന് വടാ പാവ് കഴിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.

പരമ്പരാഗതമായ നിരവധി വിഭവങ്ങളാണ് സ്വാതി സ്നാക്സ് ഭക്ഷണ പ്രിയര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്ഥാപനം ആരംഭിച്ച മിനാക്ഷി ജാവേരി 1979-ല്‍ മരണപ്പെട്ടതോടെ മകള്‍ ആശ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച അമ്പത് റസ്റ്ററന്റുകളുടെ പട്ടികയിലും സ്വാതി സ്നാക്സ് ഇടംനേടിയിരുന്നു.

Content Highlights: ambani family favourite snack shop in mumbai