ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ടോ ; ഡയറ്റില്‍ വേണം ഈ പച്ചക്കറി

representative image|photo:mathrubhumi
representative image|photo:mathrubhumi

സര്‍വ്വസാധാരണമായി കാണുന്ന പച്ചക്കറിയാണ് പച്ചക്കായ. പച്ചക്കായ കൊണ്ടുള്ള പല വിഭവങ്ങളും നമ്മുടെ പ്രിയപ്പെട്ടതുമാണ്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും പച്ചക്കായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല.

ശരീരഭാരം നിയന്ത്രിക്കാനൊരുങ്ങുന്നവര്‍ക്കും പച്ചക്കായ കഴിക്കുന്നത് ഗുണം ചെയ്യും. പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കും. ഇത് ദീര്‍ഘനേരം വയറ് നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഇത്  വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അമിത വിശപ്പ് മൂലം ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലമുളളവര്‍ പച്ചക്കായ കഴിച്ചാല്‍ അതൊഴിവാക്കാന്‍ സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണിത്. ഡയറ്റില്‍ പതിയായി പച്ചക്കായയുള്‍പ്പെടുത്തുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് . മലബന്ധം, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. കുടലിന്റെ ആരോഗ്യവും ഇവ സംരംക്ഷിക്കും.

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നാരുകള്‍ അടങ്ങിയ ഇവ ഗുണം ചെയ്യും. പച്ചക്കായയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

പച്ചക്കായയില്‍ പൊട്ടാസ്യം ധാരാളം ഉണ്ട്. അതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ പ്രയോജനം ചെയ്യും.ഇതില്‍ ആന്റി ഓക്സിഡന്റുകളും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാത്സ്യത്തിന്റെ ആഗിരണം സുഗമമാക്കുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Green Banana , Benefits,Good for Heart,Weight Loss ,Food