'വൈകുന്നേരം ആറരയ്ക്ക് ശേഷം ഒന്നും കഴിക്കാറില്ല, നമ്മുടെ ശാസ്ത്രം പറയുന്നത് അതാണ്'-അക്ഷയ് കുമാര്‍

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. 57-ാം വയസിലും ചെറുപ്പം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിക്കുന്നത് ഭക്ഷണശീലവും ഡയറ്റുമാണ്. ഇതിനെ കുറിച്ച് അക്ഷയ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വൈകുന്നേരം ആറരയ്ക്ക് ശേഷം താന്‍ ഒന്നും കഴിക്കാറില്ലെന്നും നമ്മുടെ ശാസ്ത്രം പറയുന്നത് അതാണെന്നും അക്ഷയ് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാത്രി വിശപ്പ് തോന്നുകയാണെങ്കില്‍തന്നെ മുട്ടയുടെ വെള്ളയോ റാഡിഷോ കാരറ്റോ കഴിക്കുമെന്നും അതല്ലെങ്കില്‍ സൂപ്പോ സാലഡോ കഴിക്കുമെന്നും അക്ഷയ് പറയുന്നു.
'രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന് വളരേയധികം ദോഷം ചെയ്യും. രാത്രി 10 മണിക്കോ 11 മണിക്കോ ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത് ദഹിക്കാന്‍ ശരീരം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ എടുക്കും. ആ സമയത്ത് നിങ്ങളുടെ ദഹനേന്ദ്രിയം ഒഴികെ ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും വിശ്രമത്തിലായിരിക്കും. ദഹനേന്ദ്രിയം മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.'-അക്ഷയ് കുമാര്‍ പറയുന്നു.
വൈകുന്നേരം 6.30ന് ശേഷം വിശപ്പ് തോന്നിയാല്‍ താനുണ്ടാക്കുന്ന മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡിനെ കുറിച്ചുള്ള പാചകക്കുറിപ്പും അക്ഷയ് പങ്കുവെച്ചു. 'ഒരു പാത്രത്തില്‍ മുളപ്പിച്ച ചെറുപയര്‍, ഒരു കപ്പ് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, വെള്ളരി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഒരുപിടി വേവിച്ച ചോളം, ഒരു ചെറിയ കപ്പ് മാതളനാരങ്ങ, അര കപ്പ് അരിഞ്ഞ പച്ച മാങ്ങ, നിലക്കടല എന്നിവയും ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ബ്ലാക്ക് സാള്‍ട്ട്, ജീരകപ്പൊടി, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു പിടി മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നാരങ്ങ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഈ മസാലക്കൂട്ട് അരിഞ്ഞ പച്ചക്കറികളിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കഴിക്കുക.'-അക്ഷയ് കുമാര്‍ പറയുന്നു.
ഈ സാലഡിന് ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. നാരുകള്‍, കാല്‍സ്യം, വിറ്റാമിന്‍ എ,സി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. പയര്‍വര്‍ഗങ്ങള്‍ മുളപ്പിക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് വര്‍ദ്ധിക്കും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമായ അവ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
Content Highlights: akshay kumars food habits fitness and lifestyle