2026-ൽ ആരോഗ്യ രംഗത്ത് ഇവ ട്രെൻ്റായേക്കാം; സെലിബ്രിറ്റി നൂട്രീഷനിസ്റ്റ് പറയുന്നതിങ്ങനെ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പല ട്രെൻ്റുകൾക്കുമൊപ്പം ആരോഗ്യ രംഗത്തും, പ്രത്യേകിച്ച് ഡയറ്റിൻ്റെയും പോഷകാഹാരങ്ങളുടേയും കാര്യത്തിൽ പല ട്രെൻ്റുകളും ഹിറ്റാകാറുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നത് മികച്ച കാര്യമാണെങ്കിലും ഓരോരുത്തർക്കും വേണ്ടതെന്തെന്ന് തിരിച്ചറിയാത്ത ട്രെൻ്റിനൊപ്പം പോകുന്നവരും ഏറെയാണ്. ഇത്തരത്തിൽ 2026-ൽ ആരോഗ്യ രംഗത്ത് ചർച്ചയാകാൻ സാധ്യതയുള്ളവ പ്രവചിക്കുകയാണ് സെലിബ്രിറ്റി നൂട്രീഷനിസ്റ്റായ രുജുത ദിവേകർ.

വരും വർഷം ആരോഗ്യകരമായ ചില ശീലങ്ങൾ വർധിക്കുമെന്നും എന്നാൽ ചില പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 

ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകൾ: ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം വർധിക്കുമെങ്കിലും 2026-ഓടെ ഇതിൽ ഒരു വലിയ മാറ്റമുണ്ടാകുമെന്ന് പോസ്റ്റിൽ പറയുന്നു. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പേശികളുടെ അളവിലുൾപ്പടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നതിനാൽ, ആദ്യഘട്ടത്തിൽ ഇവ ഉപയോഗിച്ചു തുടങ്ങിയവർ ഇത് ഉപേക്ഷിക്കാൻ തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

പ്രോട്ടീൻ ഭ്രമം കുറഞ്ഞേക്കാം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുവരുന്ന അമിതമായ പ്രോട്ടീൻ ഉപഭോഗം 2026-ഓടെ കുറഞ്ഞു തുടങ്ങിയേക്കാം. ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നത് ഉപഭോക്താക്കൾക്ക് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നും ഇത് പ്രധാനമായും സപ്ലിമെന്റ് വിൽക്കുന്നവരുടെ താല്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

മദ്യപാനത്തിൽ ഉണ്ടായ കുറവ്: ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നതിനനുസരിച്ച് ആഗോളതലത്തിൽ മദ്യപാനം കുറയുമെന്ന് രുജുത നിരീക്ഷിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനോടകം പ്രകടമായ ഈ മാറ്റം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളും വരും വർഷങ്ങളിൽ പിന്തുടരുമെന്നും പോസ്റ്റിൽ കുറിക്കുന്നു. 

സാമൂഹിക മാധ്യമങ്ങളിൽ ട്രെൻ്റാകുന്ന ഡയറ്റുകൾ പിന്തുടരുന്നതിനു മുമ്പ്  ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൃത്യമായി തേടേണ്ടതുണ്ട്. 

Content Highlights: Discover Rujuta Diwekar`s expert predictions for 2026 health and diet trends.