103-ാം വയസ്സിലും ചായക്കടയിൽ സജീവം; വഡോദരയിലെ കാശിബ മുത്തശ്ശി ശ്രദ്ധേയയാകുന്നു

103-ാം വയസ്സ് വരെ ജോലി ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയ്ക്ക് സമീപം ചായക്കട നടത്തുന്ന കാശിബ എന്ന 103-കാരി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പ്രായം കൂടുന്തോറും ശാരീരികമായ പരിമിതികൾ സ്വാഭാവികമാണെങ്കിലും അവയെ മറികടന്ന് സ്വന്തം കാലിൽ നിൽക്കാൻ മുത്തശ്ശി കാണിക്കുന്ന താൽപ്പര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കുമുന്പ് സാക്ഷി സിങ് എന്ന് മാധ്യമ പ്രവർത്തക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്തുലക്ഷം കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്.
ചായയ്ക്കായി ഇഞ്ചി ചതയ്ക്കുന്നതും ചെറിയ ജോലികളിൽ സഹായിക്കുന്നതുമായ മുത്തശ്ശിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിശ്രമിക്കേണ്ട പ്രായത്തിലും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഉപജീവനമാർഗ്ഗം തുടരാൻ അവർ കാണിക്കുന്ന മനക്കരുത്തിനെയാണ് പലരും അഭിനന്ദിക്കുന്നത്.
വർഷങ്ങളായി ഈ ചായക്കട ഇവിടെയുണ്ട്. 1993 മുതൽ മുത്തശ്ശിയെ കാണുന്നവരും അവരുടെ ചായ കുടിക്കുന്നവരും വൈറലായ വീഡിയോയിൽ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. തന്റെ മകനെയും കൊച്ചുമക്കളെയും ബിസിനസ്സിൽ സഹായിച്ചുകൊണ്ടാണ് മുത്തശ്ശി സജീവമായിരിക്കുന്നത്.
ജോലിയിൽ തുടരാനുള്ള മുത്തശ്ശിയുടെ തീരുമാനത്തെയും അതിന് അവർ കണ്ടെത്തുന്ന വഴികളെയും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അവരുടെ ജീവിതസാഹചര്യമായിരിക്കാം ഈ പ്രായത്തിൽ അധ്വാനിക്കാൻ നിർബന്ധിതയാക്കുന്നതെന്ന പക്ഷക്കാരുമുണ്ട്.
Content Highlights: 103-year-old woman continues to work at a tea stall in Vadodara., Her viral Instagram video has gained over a million views.